ചാത്തന്നൂർ: കരീപ്ര പഞ്ചായത്തിലെ ഇളകോട് വാർഡിൽ ഇലയം - മാടൻനട - വാക്കനാട് റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത തരത്തിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുകയാണ്.
റോഡിന്റെ ഒരു വശത്തെ വസ്തു ഉയർന്ന് നിൽക്കുന്നതിനാൽ മഴ പെയ്താൽ വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയാണ്. അടുത്ത വശം താഴ്ന്ന സ്ഥലമായതിനാൽ തൊട്ടടുത്ത ചിറയിലേക്ക് വെള്ളം ഒഴുകി പോകേണ്ടതാണ്. എന്നാൽ റോഡിനിരുവശവും താമസിക്കുന്നവർ മത്സരബുദ്ധിയോട് കൂടി മതിലുകൾ നിർമ്മിച്ചതോടെ ചിറയിലേക്ക് വെള്ളമൊഴുകുന്ന ഓട അടഞ്ഞതിനാലാണ് റോഡ് വെള്ളക്കെട്ടായതെന്ന് നാട്ടുകാർ പറയുന്നു.
അധികാരികൾ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് റോഡ് ഗതാഗത യോഗ്യമാക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിൽവെള്ളക്കെട്ടുള്ള പ്രദേശത്ത് മതിൽകെട്ടിയവരുമായി ഓട നിർമ്മിക്കുന്നതിന് മദ്ധ്യസ്ഥ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പഞ്ചായത്ത് എത്രയും വേഗം പ്രശ്നം പരിഹരിക്കും.
റഹ്മാൻ, പഞ്ചായത്ത് പ്രസിഡന്റ്