photo
കേരളപുരം ഏഴംകുറ്റിയിൽ ട്രെയിന് മുന്നിൽ കാറ്റാടിമരം വീണപ്പോൾ

 മരത്തിലിടിച്ച ട്രെയിൻ അൻപത് മീറ്ററോളം മുന്നോട്ട് പോയി

കുണ്ടറ: കേരളപുരം ഏഴാംകുറ്റിയിൽ കൊല്ലത്ത് നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിന് മുന്നിലേക്ക് വീണ കാറ്റാടി മരത്തിൽ ട്രെയിനിടിച്ചു. ട്രെയിൻ ഏഴാംകുറ്റി എത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് റെയിൽവേ ട്രാക്കിന് സമീപത്തുനിന്ന കാറ്റാടിമരം ട്രാക്കിന് കുറുകേ വീണത്. ഇടിയുടെ ആഘാതത്തിൽ കാറ്റാടിമരം രണ്ടായി പിളർന്ന് രണ്ട് സൈഡിലേക്ക് മാറി.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അൻപത് മീറ്ററോളം മരത്തെ വലിച്ചുകൊണ്ട് ട്രെയിൻ മുന്നോട്ടു പോയി നിന്നു. പ്രദേശവാസികളും യാത്രക്കാരും ചേർന്ന് മരം മാറ്റി പത്ത് മിനിട്ടിന് ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു. റെയിൽവേ ട്രാക്കിനോട് ചേർന്ന് അപകടകരമാംവിധം കാറ്റാടി മരങ്ങൾ വളർന്ന് നിൽക്കുന്നത് പലതവണ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.