അഞ്ചൽ: കേരള കൗമുദി അഞ്ചൽ ഫെസ്റ്റിൽ പാമ്പുകളുമായി എത്തിയ വാവാ സുരേഷ് വിസ്മയ നിമിഷങ്ങളാണ് കാണികൾക്ക് സമ്മാനിച്ചത്.
പാമ്പിനെ കൈയിലെടുത്ത സുരേഷിനെ കണ്ടപ്പോൾ പലർക്കും ഭയമാണ് ആദ്യം തോന്നിയത്. പാമ്പുകളെ കുറിച്ച് സുരേഷ് വാചാലനായതോടെ എല്ലാവർക്കും കൂടുതൽ അറിയാനുള്ള കൗതുകമായി. വാവാ സുരേഷ് ബോധവൽക്കരണ ക്ളാസിൽ ആവശ്യപ്പെട്ടത് ഒന്നു മാത്രം. അവയെ ഉപദ്രവിക്കരുത്, കൊല്ലരുത്.
പാമ്പുകൾ നമ്മുടെ ശത്രുക്കളല്ല. അവയും നമ്മെപ്പോലെ ഈ ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങളിൽ ഒന്ന് മാത്രം.
പാമ്പുകളെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകൾ വെറും കെട്ടുകഥകളാണെന്ന സത്യം ഉൾക്കൊള്ളാൻ കാണികൾക്ക് കുറച്ചു സമയം വേണ്ടിവന്നു. പാമ്പുകൾക്ക് കാഴ്ചശക്തിയും കേൾവിശക്തിയും ഇല്ലെന്നും പാമ്പുകൾക്ക് വിഷമല്ല വെനമാണ് (ഔഷധം) ഉള്ളതെന്നും സുരേഷ് പറഞ്ഞു.
കേരളത്തിൽ പൊതുവെ കാണപ്പെടുന്ന പാമ്പുകളെക്കുറിച്ചും, അവയുടെ സഞ്ചാരപദങ്ങൾ, പ്രജനനം, പാമ്പുകടിയേൽക്കേണ്ടിവന്നാൽ ചെയ്യേണ്ട പ്രഥമ ശുശ്രുഷകൾ മുൻകരുതലുകൾ തുടങ്ങിയ ഒട്ടേറെ വിവരങ്ങൾ പങ്കുവച്ച ബോധവത്കരണ ക്ളാസ് കാണികൾക്ക് നവ്യാനുഭവം തന്നെയായിരുന്നു. പ്രളയ ദുരന്തത്തിൽ അകപ്പെട്ടവർക്ക് എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന അഭ്യർത്ഥന നടത്തി വാവ സുരേഷ് വേദിവിട്ടിറങ്ങിയപ്പോൾ സദസ് ഒന്നാകെ എഴുന്നേറ്റ നിന്ന് കൈയ്യടിച്ച് ആദരവ് പ്രകടിപ്പിച്ചു.