dharmadas
ധർമ്മദാസ് കുടുംബസഹായ നിധിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീട്

ഓച്ചിറ: ക്ളാപ്പനയിലെ പൊതുരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന കെ. ധർമ്മദാസിന്റെ ആകസ്മിക വേർപാടിൽ നിരാലംബമായ കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. എസ്.എൻ.ഡി.പി യോഗം ക്ലാപ്പന വടക്ക് 181​ാം നമ്പർ ശാഖാ സെക്രട്ടറി, പ്രസിഡന്റ്, ക്ലാപ്പന എസ്.വി, എച്ച്.എസ്.എസ് മുൻ മാനേജർ, സമാന്തര വിദ്യാലയ അദ്ധ്യാപകൻ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കൊച്ചുപൊടിയൻ സാർ എന്ന് അറിയപ്പെട്ടിരുന്ന കെ. ധർമ്മദാസ് മരിച്ചപ്പോൾ കുടുംബം ഒറ്റപ്പെട്ടിരുന്നു. ധർമ്മദാസ് കുടുംബസഹായ നിധിയുടെ നേതൃത്വത്തിൽ 715 ചതുരശ്ര അടി വിസ്തീർണത്തിൽ 11 ലക്ഷം രൂപ ചെലവിലാണ് വീടിന്റെ നിർമ്മാണം പൂത്തിയാക്കിയത്. കെ. ധർമ്മദാസിന്റെ കുടുംബത്തിന് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ നാളെ രാവിലെ 11ന് ധർമദാസിന്റെ ഭാര്യ ബിന്ദു ധർമ്മദാസിന് കെ. ധർമ്മദാസ് കുടുംബസഹായനിധി ചെയർമാൻ കെ. രാജപ്പൻ നൽകും. ധർമ്മദാസ് കുടുംബസഹായ നിധി കൺവീനർ കെ.വി. സൂര്യകുമാർ, രക്ഷാധികാരി എസ്.എം. ഇക്ബാൽ, വൈസ് ചെയർമാൻ എം. ഇസ്മയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.