beach
ശക്തമായ കടലാക്രമണത്തിൽ തകർന്നുകൊണ്ടിരിക്കുന്ന അഴീക്കൽ ബീച്ച്

ഓച്ചിറ: പ്രകൃതി രമണീയമായ അഴീക്കൽ ബീച്ച് ശക്തമായ കടലാക്രമണത്തിൽ നശിക്കുന്നു. അഴീക്കൽ ഹാർബർ നിർമ്മാണത്തിനായി കായംകുളം പൊഴിയുടെ ഇരുവശങ്ങളിലും പുലിമുട്ട് നിർമ്മിച്ചപ്പോൾ സ്വാഭാവികമായി ഉണ്ടായതാണ് അഴീക്കൽ ബീച്ച്. കായംകുളം പൊഴിയുടെ തെക്ക് വശത്താണ് അഴീക്കൽ ബീച്ച് സ്ഥിതി ചെയ്യുന്നത്. കെ.സി. വേണുഗോപാൽ കേന്ദ്ര സഹമന്ത്രിയായിരുന്നപ്പോൾ ഒരുകോടി രൂപ ബീച്ചിന്റെ വികസനത്തിനായി അനുവദിച്ചിരുന്നു. ഇതിൽ 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഓപ്പൺ എയർ ഒാഡിറ്റോറിയവും നടപ്പാതയുമാണ് കടലാക്രമണത്തിൽ നശിക്കുന്നത്. കടലിനുള്ളിലേക്ക് തള്ളിനിൽക്കുന്ന പുലിമുട്ടുകളിൽക്കൂടി നടന്ന് വളരെ ദൂരം കടലിനുള്ളിലേക്ക് പോകാം എന്നതാണ് ഇവിടത്തെ പ്രധാന പ്രത്യേകത. കടലാക്രമണത്തിൽ പുലിമുട്ടിന്റെ അഗ്രഭാഗവും ഇടിഞ്ഞുതാണുകൊണ്ടിരിക്കുകയാണ്. ചില ദിവസങ്ങളിൽ വലിയ മത്സ്യങ്ങൾ പുലിമുട്ടിന്റെ അറ്റത്ത് പ്രത്യക്ഷപ്പെടാറുണ്ടെന്ന് സമീപപ്രദേശങ്ങളിലുള്ളവർ പറയുന്നു.

2 ലൈഫ് ഗാർഡുകൾ മാത്രം

ദിവസവും നൂറുകണക്കിന് പേർ വന്നുപോകുന്ന ബീച്ചിൽ സുരക്ഷയ്ക്കായി ടൂറിസം ഡിപ്പാർട്ട്മെന്റ് നിയമിച്ച രണ്ട് ലൈഫ് ഗാർഡുകൾ മാത്രമാണുള്ളത്. ലൈഫ് ഗാർഡുകളുടെ നിർദ്ദേശം അവഗണിച്ച് ആളുകൾ കടലിലിറങ്ങുന്നതിനാൽ അപകടം പതിവാണ്. സഞ്ചാരികളെ നിയന്ത്രിക്കുന്നതിനായി പൊലീസിന്റെ ഒരു ഒൗട്ട് പോസ്റ്റ് ഇവിടെ അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.

ടൂറിസ്റ്റ് കേന്ദ്രമാക്കാം

കേരളത്തിൽ ആദ്യമായി പൂണമായും കോൺക്രീറ്റിൽ നിർമ്മിച്ച തൂക്കുപാലം ബീച്ചിനടുത്താണ്.

അഴീക്കൽ ബിച്ച്, ഫിഷിംഗ് ഹാർബർ, തൂക്കുപാലം, അമൃതാനന്ദമയി മഠം, സുനാമി സ്മാരകം എന്നിവയെ കൊർത്തിണക്കി അഴീക്കലിനെ ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിക്കാൻ കഴിയും.

500 മീറ്ററോളം ഉള്ളിലേക്കുള്ള കരയാണ് കടലെടുത്തത്

 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഓപ്പൺ എയർ ഒാഡിറ്റോറിയവും നടപ്പാതയുമാണ് കടലാക്രമണത്തിൽ നശിക്കുന്നത്

തുരപ്പൻ കടൽ

മൺസൂൺ സമയത്ത് കടലിൽ അനുഭവപ്പെടുന്ന 'തുരപ്പൻ കടൽ' എന്ന പ്രതിഭാസമാണ് അഴീക്കൽ ബീച്ചിന്റെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ കരമണൽ കടൽ കവർന്നെടുക്കുന്ന പ്രതിഭാസമാണ് തുരപ്പൻ കടൽ.