light
LIGHT

കൊല്ലം: നഗരസഭയുടെ തെരുവ് വിളക്ക് പരിപാലനം വൻ പരാജയമെന്നാരോപിച്ച് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഭരണപക്ഷ കൗൺസിലർമാർ പൊട്ടിത്തെറിച്ചു. തെരുവ് വിളക്കുകൾ കത്താത്തതിനാൽ പെതുജനങ്ങളിൽ നിന്ന് തങ്ങൾ നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങൾ ഭരണപക്ഷക്കാർ തന്നെ വിവരിച്ചപ്പോൾ പ്രതിപക്ഷ നിരയിലുള്ളവർ മേശയിൽ കൈതട്ടി പ്രോത്സാഹിപ്പിച്ചു.

തെരുവ് വിളക്ക് പ്രശ്നം ആദ്യം ഉന്നയിച്ചത് യു.ഡി.എഫ് കൗൺസിലർ ശാന്തിനി ശുഭദേവനാണെങ്കിലും പിന്നീട് ഭരണപക്ഷ കൗൺസിലർമാർ ഏറ്റെടുക്കുകയായിരുന്നു. കോടികൾ ചെലവഴിച്ച് നവീകരിച്ച ടൗൺഹാളിൽ അസഹ്യമായ ദുർഗന്ധമാണെന്നും വാഷ് ബെയ്സിനുകൾ ഭൂരിഭാഗവും ഇളകിക്കിടക്കുകയാണെന്നും എം.എസ്. ഗോപകുമാർ പറഞ്ഞു.

എ.കെ. ഹഫീസ്, തൂവനാട്ട് സുരേഷ് കുമാർ, മീനാകുമാരി, പ്രസന്നൻ, എസ്. ജയൻ, നിസാർ, റീന സെബാസ്റ്റിൻ, അജിത്ത്, ഹണി ബഞ്ചമിൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സന്തോഷ്, ചിന്ത എൽ. സജിത്ത്, പി.ജെ. രാജേന്ദ്രൻ, ഗീതാകുമാരി, എം.എ. സത്താർ, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

 വാദപ്രതിവാദങ്ങൾ..

 '' പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന നിലപാടിലാണ് തെരുവ് വിളക്ക് പരിപാലനത്തിന്റെ ചുമതലയുള്ളവർ. പത്ത് രൂപ കൊടുത്താൽ തോർത്ത് കിട്ടും. അതെവിടെയെങ്കിലും വിരിച്ചിരുന്നാൽ പൈസ കിട്ടും. അതുപയോഗിച്ച് തെരുവ് വിളക്കുകൾ നന്നാക്കാമെന്ന ആലോചനയിലാണ്.''

സഹൃദയൻ

 '' തെരുവ് വിളക്കുകൾ പലയിടത്തും ഒടിഞ്ഞ് തൂങ്ങിക്കിടക്കുന്നു. ബന്ധപ്പെട്ട എല്ലാവരോടും പറഞ്ഞു. ഇനി ആരോട് പറയണമെന്നറിയില്ല. കാര്യങ്ങൾ പറയുമ്പോൾ ഇലക്ട്രിക് വിഭാഗം അസി. എൻജിനിയർ നിരുത്തരവാദപരമായാണ് പ്രതികരിക്കുന്നത്.''

ചന്ദ്രികാദേവി

 '' തീരദേശം പൂർണമായും ഇരുട്ടിലാണ്. പരാതി പറയുമ്പോൾ എല്ലാം ശരിയാക്കിത്തരാമെന്നാണ് പറയുന്നത്. പക്ഷെ ഒന്നും നടക്കുന്നില്ല.''

ബേബി സേവ്യർ

 ''തെരുവ് വിളക്ക് പരിപാലനത്തിൽ വലിയ വീഴ്ച സംഭവിച്ചിട്ടില്ല. ഓരോ ഡിവിഷനിലും സ്ഥാപിച്ച തെരുവ് വിളക്കുകളുടെ എണ്ണം പക്കലുണ്ട്. പുതിയ തെരുവ് വിളക്കുകൾ വാങ്ങാനുള്ള ടെണ്ടർ നടപടികൾ ഉദ്യോഗസ്ഥർ താമസിപ്പിച്ചതിനാലാണ് ചെറിയ പോരായ്മ സംഭവിച്ചത്.''

ചിന്ത എൽ. സജിത്ത് (മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ)

 'ഓണത്തിന് മുമ്പ് എല്ലാ തെരുവ് വിളക്കുകളും തെളിയിക്കാൻ പ്രത്യേക ഡ്രൈവ് നടത്തും. പുതിയ തെരുവ് വിളക്കുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ വൈകിപ്പിച്ച ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സർവെ മഴ മൂലം തടസപ്പെട്ടിട്ടുണ്ട്. ഈമാസം 15 ഓടെ സ്ഥാപിച്ച് തുടങ്ങുമെന്നാണ് കരാറുകാർ അറിയിച്ചിട്ടുള്ളത്".

വി. രാജേന്ദ്രബാബു (മേയർ)