koottikkada
കൂട്ടിക്കട ജംഗ്ഷൻ

കൊല്ലം: കൂട്ടിക്കടയിലെ ഗതാഗത സ്തംഭനത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രദേശവാസികളുടെ നിർദ്ദേശം പോലെ ലെവൽക്രോസ് മാറ്റിസ്ഥാപിച്ച് കൂട്ടിക്കടയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാണ് യുവജന സംഘടനകളുടെയും ആവശ്യം.

 '' ഏറ്റവുമാദ്യം പരിഹരിക്കപ്പെടേണ്ടത് കൂട്ടിക്കടയിലെ ഗതാഗത കുരുക്കാണ്. താൻ എം.എൽ.എയായിരിക്കെ ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രൊപ്പോസലുകൾ നൽകിയിരുന്നു. റെയിൽവേ വിചാരിച്ചാൽ ഈ പ്രശ്നം നിസാരമായി പരിഹരിക്കാൻ കഴിയും. ബന്ധപ്പെട്ടവർ ഇതിനുള്ള പ്രോജക്ട് തയ്യാറാക്കണം. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് കാലതാമസമില്ലാതെ പ്രശ്നം പരിഹരിക്കണം. ''

എ.എ. അസീസ്, മുൻ എം.എൽ.എ

 '' കൂട്ടിക്കടയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഇത് പതിറ്റാണ്ടുകളായുള്ള ഒരു നാടിന്റെ ആവശ്യമാണ്. റെയിൽവെ ഗേറ്റ് മാറ്റി സ്ഥാപിക്കൽ പ്രയോഗികവും ഫലപ്രദവുമായ നിർദ്ദേശമാണ്. എങ്കിലും വിശദമായ പഠനം വേണം. ലെവൽക്രോസ് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി കടകൾ മാറ്റേണ്ടി വന്നാൽ അർഹമായ നഷ്ടപരിഹാരം നൽകണം.''

ആർ.എസ്. അബിൻ (യൂത്ത് കോൺഗ്രസ് പാർലമെന്റ് ജനറൽ സെക്രട്ടറി)

" കൂട്ടിക്കടയിലെ ഗതാഗത സ്തംഭനത്തിനുള്ള പ്രയോഗികമായ പരിഹാരം ലെവൽക്രോസ് മാറ്റി സ്ഥാപിക്കുകയാണ്. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഇക്കാര്യം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികൾ റെയിൽവേയും പൊതുമരാമത്ത് വകുപ്പും വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫ് പ്രക്ഷോഭം ആരംഭിക്കും. ''

ബിനോ ഭാർഗവൻ (ആർ.വൈ.എഫ് ഇരവിപുരം മണ്ഡലം സെക്രട്ടറി)