കൊല്ലം: ആശ്രാമം മൈതാനത്തിന് ചുറ്റും കാൽനട യാത്രികർക്ക് ഭീഷണിയായി പാഴ്മരങ്ങൾ വളർന്നു നിൽക്കുന്നു. മരങ്ങൾ മുറിച്ചുമാറ്റി അപകടങ്ങൾ ഒഴിവാക്കണമെന്ന് നാട്ടുകാർ നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണമുണ്ട്.
വിദ്യാർത്ഥികളുൾപ്പെടെ യാത്രചെയ്യുന്ന റോഡിലാണ് പാഴ്മരങ്ങൾ ഭീഷണിയായി നിൽക്കുന്നത്. മരത്തിന്റെ ഉണങ്ങിയ ചില്ലകൾ ഒടിഞ്ഞുവീഴുന്നത് നിത്യസംഭവമായിരിക്കുകയാണ്. മഴയും കാറ്റും ശക്തമായതോടെ യാത്രക്കാർ ഭയത്തോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. പാഴ്മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റി പൊതുജനങ്ങളുടെ ഭീതിയകറ്റാൻ ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സി.എം.പി ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് രാജേന്ദ്രൻ ആവശ്യപ്പെട്ടു.