കൊല്ലം: പെരുമഴ ജില്ലയിലെ 308 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലാക്കി. കരകവിഞ്ഞൊഴുകിയ പള്ളിക്കലാർ ശൂരനാട്, കരുനാഗപ്പള്ളി മേഖലകളിൽ സൃഷ്ടിച്ച പ്രളയത്തെ തുടർന്ന് നാല് ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. കുട്ടികളടക്കം 911 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയത്. ഇവർക്ക് സൗകര്യങ്ങളൊരുക്കാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം വിവിധ സംഘടനകളുമുണ്ട്.
മഴ തുടർന്നാൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള സൗകര്യം ജില്ലാ ഭരണകൂടം സജ്ജമാക്കി. മഴയ്ക്കൊപ്പം അഴീക്കലിലും കൊല്ലം തീരത്തെ ഇരവിപുരം ഭാഗങ്ങളിലും തിരമാലകൾ ശക്തമാണ്. അഴീക്കലിൽ ശക്തമായ കടലാക്രമണത്തിൽ ബീച്ച് തകർന്നു. തെന്മല ഡാമിന്റെ സംഭരണ ശേഷിയോളം ജലനിരപ്പ് ഉയർന്നിട്ടില്ല. പത്തനംതിട്ടയിലെ പെരുമഴയാണ് കൊടുമൺ ഏഴംകുളം പഞ്ചായത്തിലെ പുതുമലയിൽ നിന്ന് ഉത്ഭവിക്കുന്ന പള്ളിക്കലാറിൽ ജലനിരപ്പ് വൻതോതിൽ ഉയരാൻ കാരണം. ദിവസങ്ങളായി തുടരുന്ന മഴയിൽ ജില്ലയിലെ 295 വീടുകളാണ് തകർന്നത്. ഇതിൽ ആറ് വീടുകൾ പൂർണമായും നശിച്ചു.
...........................
ദുരിതാശ്വാസ ക്യാമ്പുകൾ
1- കരുനാഗപ്പള്ളി പാവുമ്പ അമൃത യു.പി.എസ് : 135 കുടുംബങ്ങളിലെ 302 അംഗങ്ങൾ
2- തൊടിയൂർ വേങ്ങര എൽ.പി.എസ്: 61 കുടുംബങ്ങളിലെ 202 അംഗങ്ങൾ
3- ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അംഗനവാടി: 28 കുടുംബങ്ങളിലെ 84 അംഗങ്ങൾ
4- ശൂരനാട് വടക്ക് അഴകിയകാവ് എൽ.പി.എസ് : 84 കുടുംബങ്ങളിലെ 323 അംഗങ്ങൾ
ആകെ 308 കുടുംബങ്ങളിലെ 911 അംഗങ്ങൾ
................................................................
തെന്മല ഡാമിന്റെ ഇന്നലത്തെ ജലനിരപ്പ്: 106.25 മീറ്റർ
ഡാമിന്റെ സംഭരണ ശേഷി: 115.82 മീറ്റർ
ശൂരനാട് വടക്ക് നൂറോളം വീടുകളും
കൃഷിഭൂമിയും വെള്ളത്തിൽ മുങ്ങി
കൊല്ലം: പള്ളിക്കലാർ കരകവിഞ്ഞതോടെ ശൂരനാട് വടക്ക് പഞ്ചായത്തിലെ നൂറോളം വീടുകളും ഹെക്ടർ കണക്കിന് കൃഷിഭൂമിയും വെള്ളത്തിൽ മുങ്ങി. ശൂരനാട്ടെ പ്രധാന കാർഷിക ഏലാകളായ ഓണമ്പള്ളി, കൂരിക്കുഴി, ആനയടി, കൊച്ചുപുഞ്ച, വിരിപ്പോലിൽ, കിഴക്കിട തുടങ്ങിയവ വെള്ളത്തിനടിയിലായി. നൂറു കണക്കിന് കർഷകരുടെ ഹെക്‌ടർ കണക്കിന് ഭൂമിയിലെ നെൽകൃഷി ഉൾപ്പെടെ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ശൂരനാട് വടക്ക് പഞ്ചായത്തിൽ മാത്രമുണ്ടായത്. വെള്ളം മുങ്ങിയ വീടുകളിലെ കിണറുകളും സെപ്ടിക് ടാങ്കുകളും മലിനജലം മൂടി നശിച്ചു. പള്ളിക്കലാറിന് കുറുകെ ശൂരനാട് വടക്ക് പാതിരിക്കലിലുള്ള ചെക്ക് ഡാം ഒരാഴ്ചയിലേറെയായി കവിഞ്ഞൊഴുകുകയാണ്. പടിഞ്ഞാറ്റംമുറി കരിങ്ങാട്ടിൽ ശിവപാർവതി ക്ഷേത്രം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി.
ആറൊഴുകും വഴി
പത്തനംതിട്ട ജില്ലയിലെ കൊടുമൺ ഏഴംകുളം പഞ്ചായത്തിലെ പുതുമലയിൽ നിന്നാണ് പള്ളിക്കലാർ ഉത്ഭവിക്കുന്നത്. 35 കിലോമീറ്റർ ഒഴുകിയാണ് കന്നേറ്റി കായലിലെത്തുന്നത്.
തെങ്ങമംവഴിയാണ്
കൊല്ലം ജില്ലയിലെ പേരുവഴി പഞ്ചായത്തിൽ എത്തുന്നത്,
നേരെ ശൂരനാട് വടക്ക് പഞ്ചായത്തിലേക്ക്, ഇവിടെ
ചെക്ക് ഡാം നിർമ്മിച്ചിരിക്കുന്നതിനാൽ ഒഴുക്കിന്റെ വേഗം കുറഞ്ഞ് ജലനിരപ്പ് ഉയരുന്നു.
ചെക്ക് ഡാം കടന്ന് മൈനാഗപ്പള്ളിയിലേക്ക്
അവിടെ നിന്ന് കരുനാഗപ്പള്ളിയിലെ കന്നേറ്റി കായലിലേക്ക്.
വന്നു പതിക്കുന്ന വേഗത്തിൽ ഒഴുക്ക് തുടരാനാവാത്തതിനാൽ കരയിലേക്ക് വ്യാപിക്കുന്നു.