കുന്നത്തൂർ താലൂക്കിലെ അഴകിയകാവിൽ ഇന്നലെ തുറന്നത് ജില്ലയിലെ രണ്ടാമത്തെ ക്യാമ്പ്
കുന്നത്തൂർ: ശക്തമായ മഴയിൽ പള്ളിക്കലാർ കര കവിഞ്ഞതോടെ ശൂരനാട് വടക്ക് പഞ്ചായത്തിലെ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ശൂരനാട് വടക്ക് പാറക്കടവിന് സമീപം കൂരിക്കുഴി, ആനയടി പാലം, പടിഞ്ഞാറ്റംമുറി തുടങ്ങിയ പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. പടിഞ്ഞാറ്റംമുറി അംഗൻവാടി, അഴകിയകാവ് ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. രണ്ട് ക്യാമ്പുകളിലുമായി ഏകദേശം 95 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ജില്ലയിലെ രണ്ടാമത്തെ ക്യാമ്പാണ് കുന്നത്തൂർ താലൂക്കിലെ അഴകിയകാവിൽ ഇന്നലെ തുറന്നത്. കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ച് പ്രാഥമിക സൗകര്യങ്ങൾ വിലയിരുത്തി. ആരോഗ്യ വകുപ്പ് അധികൃതർ ദുരിതാശ്വാസ ക്യാമ്പിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി. ആയുർവേദ, അലോപ്പതി, ഹോമിയോ വകുപ്പുകൾ സംയുക്തമായാണ് പ്രവർത്തനം നടത്തിയത്. കരിങ്ങാട്ടിൽ ക്ഷേത്രത്തിനു സമീപം ഒരു കുടുംബം കുടുങ്ങിപ്പോയെന്ന റിപ്പോർട്ടിനെ തുടർന്ന് ഫയർ ഫോഴ്സും കൊല്ലത്തു നിന്നുള്ള സ്കൂബാ ടീമും എത്തിയെങ്കിലും ഇവരെ മാറ്റേണ്ട അടിയന്തര സാഹചര്യമില്ലന്ന് ബോദ്ധ്യപ്പെട്ടതിനാൽ സംഘം തിരികെ മടങ്ങി. പള്ളിക്കലാറിന് കുറുകേ തൊടിയൂർ പാലത്തിനു സമീപം നിർമ്മിച്ചിരിക്കുന്ന തടയണയാണ് ജലനിരപ്പുയരാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്.
പടിഞ്ഞാറ്റംമുറി അംഗൻവാടി, അഴകിയകാവ് ഗവ. എൽ.പി സ്കൂൾ എന്നീ 2 ക്യാമ്പുകളിലായി 95 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്
പള്ളിക്കലാർ കര കവിഞ്ഞു
മഴ ശക്തമായതോടെ അപ്രതീക്ഷിതമായി പള്ളിക്കലാർ കരകവിഞ്ഞൊഴുകി. നൂറുകണക്കിന് വീടുകളും ഏക്കറു കണക്കിന് കൃഷി ഭൂമിയും വെള്ളത്തിനടിയിലാണ്. നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. മേഖലയിലെ വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറായി. മിക്ക റോഡുകളും വെള്ളക്കെട്ടിലാണ്. ശൂരനാട് വടക്ക് കരിങ്ങാട്ടിൽ ക്ഷേത്രത്തിലേക്കുള്ള പാത പൂർണമായും വെള്ളത്തിൽ മുങ്ങി. സമീപത്തുള്ള വീടുകളും സ്ഥാപനങ്ങളും പാടശേഖരങ്ങളും വെള്ളത്തിലാണ്. വൻ കൃഷി നാശമാണ് പ്രദേശത്തുണ്ടായത്.