fest
അഞ്ചൽ ഫെസ്റ്റിനോടനുബന്ധിച്ച് കന്നുകാലി പരിപാലനവും ധനസഹായവും എന്ന വിഷയത്തിൽ നടന്ന സെമിനാർ കെ.എൽ.ഡി.ബോർഡ് എം.ഡി. ഡോ. ജോസ് ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു. കെ. യശോധരൻ, കെ. നടരാജൻ, എൻ.എസ്. സജി, എസ്. അജിത് കുമാർ എന്നിവർ സമീപം

അഞ്ചൽ: കന്നുകാലി കർഷകർ നേരിടുന്ന മുഖ്യപ്രശ്നം കാലിത്തീറ്റയുടെ അമിതവിലയാണെന്ന് കെ.എൽ.ഡി. ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് ജെയിംസ് പറഞ്ഞു. കേരള കൗമുദി, കൗമുദി ചാനൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചൽ ഫെസ്റ്റിനോടനുബന്ധിച്ച് കന്നുകാലി പരിപാലനവും ധനസഹായവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗതമായി തീറ്റപ്പുല്ലിനെ ആശ്രയിച്ചാണ് കന്നുകാലി പരിപാലനം നടന്നിരുന്നത്. എന്നാൽ സ്ഥലപരിമിതി മൂലം തീറ്റപുൽകൃഷി അന്യമായിക്കൊണ്ടിരിക്കുന്നു. ഇതിനാൽ കമ്പനികൾ ഉത്പാദിപ്പിക്കുന്ന കന്നുകാലി തീറ്റകളെയാണ് കർഷകർ ആശ്രയിക്കുന്നത്. ഇത് കർഷകർക്കുള്ള ലാഭം കുറയ്ക്കുന്നു. പാലിന് ഏറ്റവും കൂടുതൽ വില ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. റബർ ഉൾപ്പെടെ കാർഷിക രംഗത്തെ തകർച്ചമൂലം കന്നുകാലി കൃഷിയിലേയ്ക്ക് കൂടുതൽ ആളുകൾ കടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു. ശാസ്ത്രീയമായ കന്നുകാലി വളർത്തലിന് പരിശീലനവും ധനസഹായവും കെ.എൽ.ഡി. ബോർഡ് നൽകിവരുന്നതായും ഡോ. ജോസ് ജെയിംസ് പറഞ്ഞു.

യോഗത്തിൽ രചനാ ഗ്രാനൈറ്റ് എം.ഡിയും ഫെസ്റ്റ് കോ സ്പോൺസറുമായ കെ. യശോധരൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച ക്ഷീരകർഷകരായ അഗസ്ത്യക്കോട് ക്ഷീരസംഘം പ്രസിഡന്റ് ലീ കുമാർ, അലയമൺ സ്വദേശി രാജീവ്, എന്നിവർക്ക് ശ്രീകൃഷ്ണാ എഡ്യൂക്കേഷണൽ ട്രസ്റ്ര് ചെയർമാൻ എസ്.അജിത് കുമാർ, എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ എന്നിവർ കേരള കൗമുദിയുടെ ഉപഹാരം നൽകി ആദരിച്ചു. പ്ളാനിംഗ് ബോർഡ് റിട്ട.അഡി. ഡയറക്ടർ കെ. നടരാജൻ മോഡറേറ്റർ ആയിരുന്നു. വി.എഫ്.പി.സി.കെ. ഏറം വിപണി പ്രസിഡന്റ് എൻ.എസ്. സജി, ജി. കമലാസനൻ, ആർച്ചൽ സോമൻ, ബി. വേണുഗോപാൽ, ഷാജഹാൻ കൊല്ലൂർവിള, സുകുമാരൻ പനച്ചവിള, ആർ. അശോകൻ, അഞ്ചൽ ഗോപൻ തുടങ്ങിയവർ സംബന്ധിച്ചു. കേരള കൗമുദി അ‌ഞ്ചൽ ലേഖകൻ അ‌ഞ്ചൽ ജഗദീശൻ സ്വാഗതവും പി.എം. രശ്മിരാജ് നന്ദിയും പറ‌ഞ്ഞു.