തൊടിയൂർ: ആരോഗ്യരംഗത്ത് കേരളം വൻ കുതിപ്പിലേക്ക് നീങ്ങുകയാണെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. തൊടിയൂർ പഞ്ചായത്ത് പാലിയേറ്റീവ് കെയർ കെട്ടിടത്തിന്റെയും വട്ടത്തറ കുടിവെള്ള പമ്പ് ഹൗസിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കിടപ്പു രോഗികളെ സംരക്ഷിക്കാനും പരിപാലിക്കാനും പ്രത്യേക ശ്രദ്ധ നൽകണം. തദ്ദേശ സ്ഥാപനങ്ങളിൽ ഇതിനായി ഇപ്പോൾ പ്രത്യേക പദ്ധതികൾ നടപ്പാക്കി വരുന്നുണ്ടെന്നും എം.പി വ്യക്തമാക്കി. കേരളസർക്കാരിന്റെ 'ആർദ്രം' മിഷന്റെ ഭാഗമയി എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കുടുംബരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പാാലിയേറ്റീവ് കേന്ദ്രം തുറന്നത്. തൊടിയൂർ പഞ്ചായത്തിൽ സങ്കീർണമായ രോഗങ്ങൾ ബാധിച്ചവരുടെ പ്രയാസങ്ങൾക്ക് ആശ്വാസം പകരുകയാണ് ലക്ഷ്യം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സീന നവാസ്, ബെൻസി രഘുനാഥ്, റിച്ചു രാഘവൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. സുരേഷ് കുമാർ, നാസർ പാട്ടക്കണ്ടത്തിൽ, ബി. പത്മകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ ലതികാകുമാരി, മെഡിക്കൽ ഓഫീസർ ഡോ. ഷെറിൻ എന്നിവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ദേവി അമ്മ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എ. സുമ നന്ദിയും പറഞ്ഞു.