കരുനാഗപ്പള്ളി: താലൂക്കിലെ റേഷൻ കടകളിൽ പച്ചരി വിതരണം മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുന്നു. പെരുന്നാളിന് മുമ്പുള്ള ഞായറാഴ്ച താലൂക്കിലെ എല്ലാ റേഷൻ കടകളും തുറന്ന് പ്രവർത്തിച്ചെങ്കിലും ഭൂരിപക്ഷം റേഷൻ കടകളിലും ഉപഭോക്താക്കൾക്ക് നൽകാൻ സാധനങ്ങൾ പര്യാപ്തമല്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ബി.പി.എൽ വിഭാഗത്തിലുള്ള കാർഡുകാർക്ക് മാത്രമാണ് അര കിലോ പച്ചരി ആഗസ്റ്റ് മാസത്തിൽ വിതരണം ചെയ്യാൻ നിർദ്ദേശം ലഭിച്ചിട്ടുള്ളത്. അതും പൂർണമായി നൽകാൻ ഇനിയും കഴിഞ്ഞിട്ടില്ല. വാതിൽപ്പടി റേഷൻ വിതരണം നിലവിൽ വന്നതോടെ റേഷൻ കടകളിലെ കണക്കുകൾ താലൂക്ക് സപ്ലൈ ഓഫീസിലെ കമ്പ്യൂട്ടറുകളിൽ ലഭ്യമാണ്. മാസാവസാനത്തിൽ കണക്ക് ക്ലാേസ് ചെയ്താൽ അടുത്ത മാസം ഓരോ കടകൾക്കും ആവശ്യമുള്ള സാധനങ്ങൾ എത്രയെന്ന് ഉദ്യോഗസ്ഥർക്ക് കമ്പ്യൂട്ടറുകളിൽ നിന്ന് വ്യക്തമായി അറിയാൻ കഴിയും. ഇതനുസരിച്ച് സപ്ലൈകോ വഴി റേഷൻ സാധനങ്ങൾ വാഹനങ്ങളിൽ റേഷൻ കടകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഓഫീസിലെ കെടുകാര്യസ്ഥത മൂലമാണ് റേഷൻ വിതരണത്തിൽ കാലതാമസം ഉണ്ടാകുന്നതെന്ന ആക്ഷേപം ശക്തമാണ്.
കരുനാഗപ്പള്ളി താലൂക്ക്
252 റേഷൻ കടകൾ
1.22 ലക്ഷം റേഷൻ കാർഡ് ഉടമകൾ
പച്ചരിക്ക് പകരം കുത്തരി
സബ്സിഡി കാർഡുകൾക്ക് ഒന്നിനും റേഷൻ കടകളിൽ നിന്ന് പച്ചരി ലഭിക്കില്ല. മൂന്ന് മാസത്തിന് മുമ്പ് വരെ ഓരോ റേഷൻ കടകൾക്കും 50 ശതമാനം പച്ചരിയും 50 ശതമാനം പുഴുക്കലരിയുമാണ് നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി കുത്തരിയാണ് പച്ചരിക്ക് പകരമായി നൽകുന്നത്. ഇതാണ് പച്ചരിയുടെ വിതരണം മുടങ്ങാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
ഒാണത്തിനും പച്ചരി കിട്ടില്ല
ഒാണത്തിന് പോലും പച്ചരി നൽകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നാണ് റേഷൻ വ്യാപാരികളുടെ വാദം. ഈ മാസത്തെ റേഷൻ വിതരണത്തിനുള്ള സാധനങ്ങൾ പോലും കൃത്യമായി റേഷൻ കടകളിൽ എത്തിയിട്ടില്ല. കൃത്യ സമയത്ത് റേഷൻ കടകൾ തുറക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് സാധനങ്ങൾ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. റേഷൻ കാർഡ് ഉടമകൾ റേഷൻ കടകളിൽ സാധനങ്ങൾ വാങ്ങാനായി എത്തിയിട്ട് വെറും കൈയോടെ മടങ്ങുന്നത് പതിവ് കാഴ്ച്ചയാണ്.
ഓണത്തിന് മുമ്പ് റേഷൻ കടകളിലൂടെ പച്ചരി വിതരണം ചെയ്യാനാവശ്യമായ നടപടി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണം
ഉപഭോക്താക്കൾ