polya
പോളയത്തോട് ബസ് ഷെൽട്ടറിൽ മലിനജലം തളംകെട്ടിയ നിലയിൽ

കൊല്ലം: ശക്തമായ കാറ്റ് വീശിയാൽ തകർന്നുവീഴുമെന്ന അവസ്ഥയിലാണ് പോളയത്തോട് ജംഗ്ഷനിലെ കൊല്ലത്തേക്കുള്ള ബസ് ഷെൽട്ടർ. മഴ നനയാതെ ഇവിടെ കയറിനിൽക്കാനുമാവില്ല. തകര ഷീറ്റ് മേഞ്ഞ മേൽക്കൂര ദ്രവിച്ച് ചോർന്നൊലിക്കുകയാണ്.

യാത്രക്കാർ ഭയപ്പാടോടെയാണ് ബസ് ഷെൽട്ടറിനുള്ളിൽ നിൽക്കുന്നത്. മഴ പെയ്യുമ്പോൾ ഷെൽട്ടറിനുള്ളിൽ വെള്ളം നിറയും. തൊട്ടുപിന്നിലുള്ള മത്സ്യ മാർക്കറ്റിൽ നിന്നുള്ള മലിനജലവും ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. നഗരത്തിലെ 55 ബസ് ഷെൽട്ടറുകൾ ഹൈടെക് ആക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ നിർമ്മാണം ആരംഭിച്ചിട്ടില്ല. കാര്യമായ കേടുപാടില്ലാത്ത ബസ് ഷെൽട്ടറുകൾ പോലും പൊളിച്ച് നീക്കിയാണ് ഹൈടെക് ആക്കുന്നത്.

മഴ പെയ്യമ്പോൾ യാത്രക്കാർ കുട പിടിച്ചാണ് ഈ ബസ് ഷെൽട്ടറിനുള്ളിൽ നിൽക്കുന്നത്. പ്രദേശവാസികൾ പലതവണ പരാതി നൽകിയെങ്കിലും അറ്റകുറ്റപ്പണി നടത്താൻ പോലും നഗരസഭാ അധികൃതർ തയ്യാറായിട്ടില്ല.