കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തെ കന്റോൺമെന്റ് പോസ്റ്റോഫീസിനെ സമ്പൂർണ വനിതാ പോസ്റ്റോഫീസായി പ്രഖ്യാപിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി എല്ലാ തപാൽ ഡിവിഷനുകളിലെയും ഒരു തപാൽ ഓഫീസിൽ സ്ത്രീകളെ മാത്രം ജീവനക്കാരായി നിയമിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.
കന്റോൺമെന്റ് പോസ്റ്റോഫീസിലെ നാല് തസ്തികകളിൽ സബ് പോസ്റ്റ്മാസ്റ്ററും പോസ്റ്റൽ അസിസ്റ്റന്റും പുരുഷന്മാരായിരുന്നു. ഇവർക്ക് പകരം രണ്ട് സ്ത്രീകളെ നിയമിച്ചാണ് സമ്പൂർണ വനിതാ പോസ്റ്റോഫീസാക്കിയത്.
പുതിയ തുടക്കം കോർപ്പറേഷൻ കൗൺസിലർ റീന സെബാസ്റ്റ്യൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കൊല്ലം പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് എ.ആർ. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. അസി. സൂപ്രണ്ട് ഗോപകുമാർ, എഫ്.എൻ.പി.ഒ സർക്കിൾ ഭാരവാഹി അസി. സൂപ്രണ്ട് ആനന്ദ് ബി. മോഹൻ തുടങ്ങിയവർ സംസാരിച്ചു. അസി. സൂപ്രണ്ട് മഞ്ജു എം.കെ. സ്വാഗതവും സബ് പോസ്റ്റ് മാസ്റ്റർ മീതു നന്ദിയും പറഞ്ഞു.