കോൺക്രീറ്റ് ക്രിമറ്റോറിയം പ്രവർത്തനം തുടങ്ങി
കൊല്ലം: പോളയത്തോട് ശ്മശാനം നഗരത്തിലെ നരകമെന്ന പേരുദോഷം മാറ്റിത്തുടങ്ങി. ശ്മശാനത്തിൽ നിർമ്മാണം പൂർത്തിയായിട്ടും രണ്ട് വർഷത്തോളമായി അടഞ്ഞുകിടന്ന കോൺക്രീറ്റ് ക്രിമറ്റോറിയം പ്രവർത്തിച്ചു തുടങ്ങി. ഗ്യാസ് ക്രിമറ്റോറിയത്തിന്റെ അറ്റകുറ്റപ്പണികളും ആരംഭിച്ചുകഴിഞ്ഞു. ഓണം കഴിയുന്നതോടെ ഏറെക്കാലമായി സ്വപ്നം കാണുന്ന സൗന്ദര്യവത്കരണവും പൂർത്തിയാകും.
ഒരാഴ്ച മുമ്പാണ് കോൺക്രീറ്റ് ക്രിമറ്റോറിയം പ്രവർത്തനം തുടങ്ങിയത്. ഒരേസമയം നാല് മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. നിലവിൽ പരമ്പരാഗത രീതിയിൽ സംസ്കാരം നടന്നുകൊണ്ടിരുന്ന രണ്ട് ഷെഡുകൾക്ക് പുതിയ മേൽക്കൂര പാകിയിട്ടുണ്ട്. അറ്റകുറ്റപ്പണി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ ഈ ഷെഡുകളിലും സംസ്കാരം തുടങ്ങും.
ശ്മശാനത്തിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി തുടർച്ചയായി പ്രസിദ്ധീകരിച്ച വാർത്തകളെ തുടർന്നാണ് നഗരസഭാ അധികൃതർ നവീകരണത്തിനുള്ള നടപടി തുടങ്ങിയത്. അതേസമയം ഗ്യാസ് ക്രിമറ്റോറിയത്തിന് മുകളിൽ സ്ഥാപിച്ച ഇലക്ട്രിക് ക്രിമറ്റോറിയം പ്രവർത്തന സജ്ജമാക്കാനുള്ള നടപടി ഇനിയും സ്വീകരിച്ചിട്ടില്ല.
ഓണം കഴിയുന്നതോടെ ഗ്യാസ് ക്രിമറ്റോറിയവും
2008 ലാണ് പോളയത്തോട് ശ്മശാനത്തിൽ രണ്ട് ഗ്യാസ് ഫർണസുകൾ സ്ഥാപിച്ചത്. നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ദിവസങ്ങളിൽക്കുള്ളിൽ ഗ്യാസ് ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം നിലച്ചു.
നിർമ്മാണം ഏറ്റെടുത്ത അതേ കമ്പനിയെ വിളിച്ചുവരുത്തി ഫർണസുകളുടെ അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. ഓണം കഴിയുന്നതോടെ ഗ്യാസ് ക്രിമറ്റോറിയവും പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുന്തോട്ടവും ഇരിപ്പിടങ്ങളും
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശ്മശാനത്തിൽ ഇരിപ്പിടങ്ങളും പൂന്തോട്ടവും സജ്ജമാക്കും. ഇപ്പോൾ പരിമിതമായ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമേ ശ്മശാനത്തിലുള്ളു. ഉള്ളിലെ റോഡുകളിൽ ചില മാറ്റങ്ങൾ വരുത്തി കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കും. കൊതുക് വളർത്തൽ കേന്ദ്രമായി മാറിയ ശ്മശാനത്തിലെ ചെറുകുളവും നവീകരിക്കും. ശ്മശാനത്തിലെ ചുറ്റുമതിലിന്റെ പുനരുദ്ധാരണവും പുതിയ കവാടത്തിന്റെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്.
കോൺക്രീറ്റ് ക്രിമറ്റോറിയത്തിൽ ഒരേ സമയം നാല് മൃതദേഹങ്ങൾ സംസ്കരിക്കാം
പരമ്പരാഗത രീതിയിലുള്ള സംസ്കാരത്തിനുള്ള ഷെഡുകൾ ഒരാഴ്ചയ്ക്കുള്ളിൽ സജ്ജമാകും
ഗ്യാസ് ക്രിമറ്റോറിയം ഓണം കഴിയുന്നതോടെ പ്രവർത്തനസജ്ജമാകും