d
ടി.എം പ്രഭ

കൊല്ലം: ആർ.എസ്.പി. സ്ഥാപക നേതാക്കളിൽ പ്രമുഖനും 'പ്രവാഹം' പത്രത്തിന്റെ എഡി​റ്ററുമായിരുന്ന ടി.എം. പ്രഭയുടെ ഒന്നാം ചരമവാർഷികം ശനിയാഴ്ച ആചരിക്കും.
എസ്.എൻ.ഡി.പി. യോഗം ആസ്ഥാനത്തെ ധ്യാനമന്ദിരം ഹാളിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ പുതുതായി രൂപീകരിച്ച ടി.എം.പ്രഭ ഫൗണ്ടേഷന്റെ ഉദ്ഘാടനവും പത്ര പ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള അവാർഡ് ദാനവും വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും.
50,000 രൂപയും പ്രശംസാ പത്രവും ശില്പവും അടങ്ങുന്ന അവാർഡ് മലയാളമനോരമ മുൻ എഡി​റ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന് സമ്മാനിക്കും. ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോക്ടർ പി. സുഗതൻ അദ്ധ്യക്ഷത വഹിക്കും. പളളുരുത്തി സുബൈർ രചിച്ച 'സഖാവ് ടി.എം. പ്രഭ: ചരിത്രം സൃഷ്ടിച്ച വിപ്ലവകാരി' എന്ന പുസ്തകത്തിന്റെ പ്രകാശനം മുൻ കെ.പി.സി.സി പ്രസിഡന്റ് സി.വി. പത്മരാജൻ മുൻമന്ത്റി പി.കെ. ഗുരുദാസന് നൽകി നിർവഹിക്കും. ആശ്രാമം ഭാസി പ്രശംസാ പത്രം സമർപ്പിക്കും.
ടി.എം. പ്രഭ ഫൗണ്ടേഷൻ അടുത്ത വർഷം മുതൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. പി. സുധാകരനും ട്രഷറർ പി. സുന്ദരനും അറിയിച്ചു.