court
COURT

കൊല്ലം: കൊല്ലം - തിരുമംഗലം ദേശീയപാത 208ൽ കേരളപുരം ഭാഗത്ത് ദേശീയപാതയുടെ 30 സെന്റോളം സ്ഥലം സ്വകാര്യവ്യക്തി കൈയ്യേറിയത് ദേശീയപാതയ്ക്ക് തന്നെ നൽകാൻ ജില്ലാ കോടതി ഉത്തരവ്. സ്വകാര്യവ്യക്തി നൽകിയ കേസിൽ കൊല്ലം മുൻസിഫ് കോടതി പുറപ്പെടുവിച്ച ഉത്തരവ് അസ്ഥിരപ്പെടുത്തിയാണ് ജില്ലാ കോടതിവിധി.

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എടുപ്പുകൾ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് 2017 ജൂണിൽ ദേശീയപാതാ റോഡ്സ് വിഭാഗം കൊല്ലം അസിസ്​റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഹൈവേ സംരക്ഷണ നിയമ പ്രകാരം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഈ ഭാഗം സർക്കാർ പുറമ്പോക്കാണെന്നും വർഷങ്ങളായി കൈവശത്തിലാണെന്നും ആവശ്യപ്പെട്ട് സുലൈമാൻകുഞ്ഞ് എന്നയാളിന്റെ അവകാശികൾ ഫയൽ ചെയ്ത കേസിൽ സർക്കാരിന് വസ്തു ആവശ്യമെങ്കിൽ അക്വയർ ചെയ്യാം എന്നായിരുന്നു പ്രിൻസിപ്പൽ മുൻസിഫ് കോടതി ഉത്തരവ്. ഇതിനെതിരെ ജില്ലാ കളക്ടറും ദേശീയപാതാ എക്സിക്യൂട്ടീവ് എൻജിനിയറും ജില്ലാ കോടതിയിൽ ഫയൽ ചെയ്ത അപ്പീലിലാണ് മുൻസിഫ് കോടതി വിധി അസ്ഥിരപ്പെടുത്തിയത്.

30 സെന്റ് വിസ്തീർണ്ണമുള്ള ദേശീയപാതയുടെ സ്ഥലത്ത് ആർക്കും എതിർകൈവശം അവകാശപ്പെടാൻ കഴിയില്ലെന്ന് രണ്ടാം അഡിഷണൽ ജില്ലാ ജഡ്ജി കെ.എൻ. സുജിത് വ്യക്തമാക്കി.