c
പരവൂർ കോട്ടപ്പുറം ഹൈസ്കൂളിൽ കേരളകൗമുദിയും എക്സൈസും സംയുക്തമായി സംഘടിപ്പിച്ച ബോധപൗർണമി ബോധവൽക്കരണ ക്ലാസ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്റർ എസ്.രാധാകൃഷ്‌ണൻ, സ്‌കൂൾ മാനേജർ ശശിധരൻ പിള്ള, പ്രഥമ അദ്ധ്യാപിക വി.എസ്.വരദ, പി.ടി.എ പ്രസിഡന്റ് കെ.കെ.സുരേന്ദ്രൻ, പ്രേം ഫാഷൻ ജൂവലറി ഉടമ ബി.പ്രേമാനന്ദ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.ഷഹറുദ്ദീൻ, കേരളകൗമുദി ലേഖകൻ ടി.പി.ചന്ദ്രശേഖരൻനായർ എന്നിവർ സമീപം

കൊല്ലം: ലഹരി പദാർത്ഥങ്ങളുമായി പിടിയിലാവുന്നത് വിദ്യാർത്ഥികളാണെങ്കിലും കർശന നടപടിയെടുക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്ത് പറഞ്ഞു. നമുക്ക് ഒരുമിക്കാം ലഹരിക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി കേരളകൗമുദിയും എക്സൈസും സംയുക്തമായി പരവൂർ കോട്ടപ്പുറം സ്കൂളിൽ സംഘടിപ്പിച്ച ബോധപൗർണമി ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേരത്തെ വിദ്യാർത്ഥികൾ പിടിയിലാകുമ്പോൾ നിയമ നടപടികളിൽ നിന്നൊഴിവാക്കിയിരുന്നു. വിദ്യാർത്ഥികളിൽ ലഹരി ഉപഭോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി മുന്നോട്ടുപോകും. കേസുകളിൽ പ്രതിയായാൽ അതിന്റെ ബുദ്ധിമുട്ടുണ്ടാകുന്നത് ഭാവിയിലാകും. ജോലി പോലും ലഭിക്കാതെ ഭാവി തന്നെ ഇരുളടഞ്ഞതായി മാറും. കാതിൽ കമ്മലിട്ട്, മുടി നീട്ടി വളർത്തി ഹൈസ്പീഡ് ബൈക്കുകളിൽ ചീറിപ്പായുന്ന ചേട്ടൻമാരെ ഒരിക്കലും വിദ്യാർത്ഥികൾ മാതൃകയാക്കരുത്. ഇവരുമായുള്ള ചങ്ങാത്തം ചിലപ്പോൾ ലഹരിയുടെ പടുകുഴിയിലേക്കാവും നയിക്കുക. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ വലിയ ജാഗ്രത കാട്ടണം. വഴിയിൽ കാണുന്ന വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് കയറരുത്. അവർ എത്തരക്കാരാണെന്ന് അറിയാൻ കഴിയില്ല. കൂട്ടത്തിൽ കേമനാകാൻ വേണ്ടി പലരും ഇങ്ങനെ ചെയ്യാറുണ്ട്. അപരിചിതർക്കൊപ്പം യാത്ര ചെയ്യുന്നത് വലിയ അപകടമാണ്.
സ്കൂൾ പരിസരങ്ങളിൽ വിൽക്കുന്ന ചില പ്രത്യേകതരം മിഠായികളും പാനീയങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. കൊല്ലം നഗരത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് ഒരു പ്രത്യേകതരം ദ്രാവകം വിൽപ്പനയ്ക്കുണ്ട്. പത്ത് രൂപ കൊടുത്താൽ ഗ്ലാസ് നിറയെ കിട്ടും. അതിന്റെ ഗന്ധവും രുചിയുമാണ് പ്രശ്നം. വളരെകുറഞ്ഞ വിലയ്ക്കാണ് ഇത്തരം ഉല്പന്നങ്ങൾ വിൽക്കുന്നത്. ഒരുതവണ രുചിക്കുന്നവരെ തുടർച്ചയായി ഉപയോഗിക്കാൻ പ്രേരിപ്പിച്ച് ഭാവിയിൽ മദ്യത്തിന്റെയും മറ്റ് ലഹരിപദാർത്ഥങ്ങളുടെയും അടിമകളാക്കുകയെന്ന ഗൂഢ അജണ്ടയാണ് ഇതിന്റെ ഉത്പാദകർക്കുള്ളതെന്നും എ.എസ്. രഞ്ജിത്ത് പറഞ്ഞു.

പി.ടി.എ പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രേം ഫാഷൻ ജുവലറി ഉടമ ബി. പ്രേമാനന്ദ്, പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, സ്കൂൾ മാനേജർ ശശിധരൻപിള്ള എന്നിവർ ആശംസകൾ നേർന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എ. ഷഹറുദ്ദീൻ ലഹരിവിരുദ്ധ ക്ലാസെടുത്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. വരദ സ്വാഗതവും കേരളകൗമുദി പരവൂർ ലേഖകൻ ടി.പി. ചന്ദ്രശേഖരൻ നായർ നന്ദിയും പറഞ്ഞു.