നിറയെ സ്നേഹവും കരുതലുമായി വാഹനങ്ങൾ വടക്കോട്ട്
കൊല്ലം: മഴ ദുരിതത്തിന്റെ ഇരകളായി ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയ പതിനായിരങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ കൊല്ലത്തെ എല്ലാ കുടുംബങ്ങളും മുന്നിട്ടിറങ്ങുന്നു. ചെറുതും വലുതുമായ സംഘടനകൾ നാടെങ്ങും ആരംഭിച്ച ശേഖരണ കേന്ദ്രങ്ങളിലേക്ക് നിലയ്ക്കാത്ത സഹായ പ്രവാഹമാണ്. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ കൊല്ലം ടി.എം.വർഗീസ് സ്മാരക ഹാളിൽ പ്രവർത്തിക്കുന്ന ശേഖരണ കേന്ദ്രത്തിൽ നിന്ന് 13 ലോഡ് അവശ്യ സാധനങ്ങളാണ് ഇതിനകം വടക്കൻ ജില്ലകളിലേക്കയച്ചത്. ടി.എം.വർഗ്ഗീസ് സ്‌മാരക ഹാളിലും താലൂക്ക് ആസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ശേഖരണ കേന്ദ്രങ്ങളിൽ അവശ്യ സാധനങ്ങളുമായി എത്തുന്നവരുടെ എണ്ണം ഏറുകയാണ്. കാമ്പസുകളിൽ കുട്ടികൾ സമാനതകളില്ലാത്ത ഇടപെടലുകളാണ് നടത്തുന്നത്. എല്ലാ കാമ്പസുകളും ലോറി നിറയെ സാധനങ്ങളാണ് സമാഹരിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലില്ലാതെ വിവിധ സംഘടനകളും വിദ്യാർത്ഥികളും സാധനങ്ങളുമായി വടക്കൻ ജില്ലകളിലേക്ക് തിരിച്ചിട്ടുണ്ട്. കൊല്ലം നഗരസഭ സമാഹരിച്ച രണ്ട് ലോഡ് സാധനങ്ങൾ ഇന്നലെ ഉച്ചയോടെ കൊല്ലത്ത് നിന്നയച്ചു. പ്രളയജലം ഇറങ്ങിയ വീടുകൾ ശുചീകരിക്കാനാവശ്യമായ വസ്തുക്കളും കൂടുതലായി വേണ്ടതുണ്ട്. ഭക്ഷ്യ വസ്തുക്കളോടൊപ്പം കൊച്ചുകുട്ടികളുടെ അടക്കം വസ്ത്രങ്ങളും ക്യാമ്പുകളിലേക്ക് വേണം.