അഞ്ചൽ: യുവതലമുറയെ കൃഷിയിലേയ്ക്ക് കൂടുതൽ ആകർഷിക്കാൻ പദ്ധതികൾ അനിവാര്യമാണെന്ന് കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ് പറഞ്ഞു. കേരള കൗമുദി അഞ്ചൽ ഫെസ്റ്റിനോടനുബന്ധിച്ച് കൃഷിയിലെ നൂതന പ്രവണതകൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി ലാഭകരമല്ലെന്ന തോന്നലാണ് യുവാക്കളെ കൃഷിയിൽ നിന്നും അകന്ന് നിൽക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ മുഖ്യം. എന്നാൽ പല കൃഷികളിൽ നിന്നും നല്ല വരുമാനം ഉണ്ടാക്കാൻ നമുക്ക് കഴിയും. പച്ചക്കറിക്ക് റബ്ബറിനെക്കാൾ വില ഇപ്പോൾ ലഭിക്കുന്നുണ്ട്. ഇരുപത്തിയഞ്ച് ലക്ഷം ടൺ പച്ചക്കറിയാണ് ഒരു വർഷം സംസ്ഥാനത്തിന് ആവശ്യമുള്ളത്. എന്നാൽ, പത്ത് ലക്ഷം ടൺ മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. തെങ്ങ് കൃഷിയും വളരെ ലാഭകരമാണ്. നൂറ്റി അൻപത് ഉല്പന്നങ്ങളാണ് തേങ്ങയിൽ നിന്നും ഉൽപ്പാദിപ്പിക്കാൻ കഴിയുന്നത്. ജൈവ കൃഷിയെക്കുറിച്ച് ആളുകൾ കൂടുതൽ ബോധവാൻമാരായി വരുന്നു എന്നത് പ്രതീക്ഷ നൽകുന്നു. നഗരവാസികളും ഇപ്പോൾ ജൈവകൃഷിയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ഥലപരിമിതിയാണ് കൃഷിയ്ക്ക് മുഖ്യ തടസ്സമെന്നും എസ്.കെ. സുരേഷ് പറഞ്ഞു. യോഗത്തിൽ ആഘോഷ കമ്മിറ്റി സെക്രട്ടറി അഡ്വ. ജി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ ഷീജാ മാത്യു മോഡറേറ്ററായിരുന്നു. ഏറം വിപണി അംഗങ്ങളും മികച്ച കർഷകരുമായ ഷാഹുൽ ഹമീദ്, ബിനു എന്നിവർക്ക് കേരള കൗമുദിയുടെ ഉപഹാരം അഞ്ചൽ ഡോൺ എസ്തറ്റിക്സ് മാനേജിംഗ് ഡയറക്ടറും കോ സ്പോൺസറുമായ സുനിൽ ജോൺ, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി എന്നിവർ നൽകി. രചനാ ഗ്രാനൈറ്റ്സ് എം.ഡിയും കോ സ്പോൺസറുമായ കെ. യശോധരൻ, ഏറം വിപണി പ്രസിഡന്റ് എൻ.എസ്. സജി, ഡോൺ എസ്തറ്റിക്സ് വെഡ്ഡിംഗ് സെന്റർ പി.ആർ.ഒ. രാജൻ ആചാരി, കെ. നടരാജൻ, ആർച്ചൽ സോമൻ, അനീഷ് കെ. അയിലറ, ജി. കമലാസനൻ, ബി.വേണുഗോപാൽ, ദേവദാസ് ഭാഗ്യകുന്ന്, മുരളി പുത്താറ്റ്, സുഗതൻ ആർച്ചൽ, കെ. സുകുമാരൻ പനച്ചവിള തുടങ്ങിയവർ സംബന്ധിച്ചു. അഞ്ചൽ ഗോപൻ സ്വാഗതവും അഞ്ചൽ ജഗദീശൻ നന്ദിയും പറഞ്ഞു.