ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ ലീഗൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്കും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും വൈവിധ്യമാർന്ന കാരണങ്ങളാൽ നഷ്ടപ്പെടുന്ന നിയമസഹായ സേവനങ്ങൾ നൽകുവാൻ ഗ്രാമപഞ്ചായത്തുകളിലെ ലീഗൽ ക്ലിനിക്കുകൾക്ക് കഴിയുമെന്ന് ലീഗൽ ക്ലിനിക് ഉദ്ഘാടനം ചെയ്തുകൊണ്ട് രണ്ടാം ക്ലാസ് അഡീഷണൽ ജില്ലാ ജഡ്ജ് കെ.എൻ. സുജിത്ത് പറഞ്ഞു.
ചടങ്ങിൽ ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ജില്ലാ പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മധുസൂദനൻപിള്ള, ഉല്ലാസ്കൃഷ്ണൻ, ശകുന്തള, ഗ്രാമപഞ്ചായത്ത് അംഗം ജി. പ്രേമചന്ദ്രനാശാൻ, സുശീലാദേവി, രാംകുമാർ രാമൻ,രജിതാ രാജേന്ദ്രൻ, വി. വിനോദ്കുമാർ, ഓമന ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി കെ.പി. അനിലകുമാരി തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ബിന്ദുസുനിൽ സ്വാഗതം പറഞ്ഞു.
കൊല്ലം താലൂക്ക് നിയമസേവന അതോറിറ്റിയുടെ സഹകരണത്തോടെ ആരംഭിച്ച ലീഗൽ ക്ലിനിക്കിൽ മാസത്തിൽ രണ്ട് സിറ്റിംഗ് ഉണ്ടായിരിക്കും.