കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് കിഴക്കുവശമുള്ള 7 വീടുകൾ വെള്ളക്കെട്ടിലായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇവർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പട. തെക്ക് ഒറ്റേത്തുതറയിൽ വീട്ടിൽ ശിവകുമാർ (കേരളകൗമുദി ടൗൺ ഏജന്റ്), നന്ദകുമാർ, കൃഷ്ണകുമാരി, ആര്യ, ശ്രീമംഗലത്ത് ശ്രീകുമാർ, അരുൺ നിവാസിൽ രാജൻപിള്ള, കൊട്ടാരത്തിൽ ഹരിലാൽ എന്നിവരുടെ വീടുകളാണ് വെള്ളക്കെട്ടിലായത്. മഴവെള്ളം ഒഴുകി പോകാൻ നിലവിൽ ഒരു മാർഗവുമില്ലെന്ന് ഇവർ പറയുന്നു. വെള്ളം ഒഴുകി പോകുന്നതിനായി പണ്ട് നിർമ്മിച്ച ഓട നികത്തിയതാണ് ഇപ്പോഴത്തെ ദുസ്ഥിതിക്ക് കാരണം. സ്ത്രീകളും കുട്ടികളും വീടിനുള്ളിൽ തന്നെ കഴിയുകയാണ്. വെള്ളം ഒഴുക്കി വിടാൻ റവന്യൂ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.