പടിഞ്ഞാറേ കല്ലട : പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ കോതപുരം വാർഡിൽ കെട്ടിടത്തിൽചരുവിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. കുന്നിന്റെ അടിവാരത്തെ താമസക്കാരായ നല്ലത്തറ വീട്ടിൽ മുരളീധരന്റെയും കാഞ്ഞിയ്ക്കൽ വീട്ടിൽ സുഭാഷിണിയുടെയും വീടുകൾക്കാണ് കേടുപാട് സംഭവിച്ചത്. ഇതിന്റെ പരിസരത്തായി അഞ്ചോളം കുടുംബങ്ങൾ വേറെയും താമസമുണ്ട്. ഈ ഭാഗത്ത് അപകടഭീഷണി നിലനിൽക്കുകയാണ്. അപകടാവസ്ഥ കണക്കിലെടുത്ത് കളക്ടറുടെ നിർദേശ പ്രകാരം പടിഞ്ഞാറേ കല്ലട വില്ലേജ് ഓഫീസർ ഇവരോട് മാറിത്താമസിക്കാൻ നോട്ടീസ് നൽകിയിരുന്നതാണ്. മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന്റെ കാരണം. കുന്നത്തൂർ തഹസിൽദാർ ജി.കെ. പ്രദീപ്, ഹെഡ്ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ കെ. മധുസൂദനൻ, എച്ച്.സി വി. ഗിരീഷ്, വില്ലേജ് ഓഫീസർ ജി. ജീന, പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, വൈസ് പ്രസിഡന്റ് കെ. സുധീർ, പഞ്ചായത്ത് അംഗങ്ങളായ എൻ. ചന്ദ്രശേഖരൻ, ആർ. ജോസ് എന്നിവർ സ്ഥലം സന്ദർശിച്ച് ഇവരെ മാറ്റിപ്പാർപ്പിക്കാൻ വേണ്ട നടപടി സ്വീകരിച്ചു.
മണ്ണിടിച്ചിലിന് വീണ്ടും സാദ്ധ്യത
കുന്നിൻ ചെരുവിലെ വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അടിയന്തരമായി പാറ ഉപയോഗിച്ച് പാർശ്വ ഭിത്തി നിർമ്മിക്കുകയോ മല മുകളിൽ നിന്ന് മണ്ണ് നീക്കം ചെയ്ത് കുന്നിന്റെ ഉയരം കുറയ്ക്കുകയോ ചെയ്തില്ലെങ്കിൽ ഇനിയും അപകടമുണ്ടായേക്കാം.