kunnathur
മഴയിൽ പൂർണമായും തകർന്ന പടിഞ്ഞാറെ കല്ലട പട്ടകടവ് കൊടിയിൽ വീട്ടിൽ അപ്പുക്കുട്ടന്റെ വീട്

കുന്നത്തൂർ: കുന്നത്തൂർ താലൂക്കിൽ മഴ തുടരുന്നത് പ്രദേശവാസികളെ വലയ്ക്കുന്നു. പള്ളിക്കലാർ കരകവിഞ്ഞതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ ശൂരനാട് വടക്ക് പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത് 120 കുടുംബങ്ങളാണ്. നിലവിൽ അഴകിയ കാവ് എൽ.പി സ്കൂൾ, പടിഞ്ഞാറ്റം മുറിയിൽ 71 ാം നമ്പർ അംഗൻവാടി എന്നിവിടങ്ങളിലായി രണ്ടു ക്യാമ്പുകളാണ് ശൂരനാട്ടുള്ളത്. 198 പുരുഷന്മാരും, 195 സ്ത്രീകളും ഉൾപ്പടെ 393 പേർ രണ്ടു ക്യാമ്പുകളിലായി കഴിയുന്നു. ഇതിൽ രോഗികളും കൈക്കുഞ്ഞുങ്ങളും ഉൾപ്പെടും. ഇതിനിടെ രജിസ്‌ട്രേഷൻ താൽക്കാലികമായി നിറുത്തി വെയ്ക്കാൻ കളക്ടർ നിർദേശിച്ചതായി റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. പോരുവഴിയിൽ പള്ളിമുറി ചിറയുടെ തെക്കതിൽ നിസാമിന്റെ വീട് മഴയിൽ തകർന്നു. രാത്രിയിൽ പെയ്ത മഴയിൽ വീടിന്റെ അടുക്കള ഭാഗമാണ് പൂർണമായും തകർന്നത്. പടിഞ്ഞാറേ കല്ലട പട്ടകടവ് കൊടിയിൽ വീട്ടിൽ അപ്പുക്കുട്ടന്റെ വീട് മഴയിൽ പൂർണമായും തകർന്നു. വടക്കൻ ജില്ലകളിലേക്ക് സഹായവുമായി ഡ്രൈവർമാരുടെ സംഘം യാത്ര തിരിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ കൂട്ടായ്മയായ കേരള ചങ്ക് ഡ്രൈവേഴ്സ് അസോസിയേഷനാണ് വിഭവ ശേഖരണം നടത്തി പ്രളയ ബാധിത പ്രദേശങ്ങളിൽ എത്തിക്കുന്നത്. ഭക്ഷ്യ വസ്തുക്കൾ, അവശ്യ സാധനങ്ങൾ, കുടിവെള്ളം, ബേബി ഫുഡ് എന്നിവ ഇവർ ശേഖരിച്ചു നൽകുന്നുണ്ട്.

 മൈനാഗപ്പള്ളി വില്ലേജ്

ഭാഗികമായി തകർന്ന വീടുകൾ - 14

പൂർണമായി തകർന്നത് - 1 (വിജയകുമാരി, ലതാ ഭവനം, വടക്കൻ മൈനാഗപ്പള്ളി)

ശാസ്താംകോട്ട വില്ലേജ്

ഭാഗികമായി തകർന്ന വീടുകൾ - 60

പൂർണമായി തകർന്നത് - 1 (ശാരദ, പച്ച കുളത്ത് പടിഞ്ഞാറ്റതിൽ പള്ളിശ്ശേരിക്കൽ)

 പടിഞ്ഞാറെ കല്ലട വില്ലേജ്

ഭാഗികമായി തകർന്ന വീടുകൾ- 25

പൂർണമായി തകർന്നത് -1 (അപ്പുക്കുട്ടൻ, കൊടിയിൽ വീട്, കോതപുരം)

 കുന്നത്തൂർ വില്ലേജ്

ഭാഗികമായി തകർന്ന വീടുകൾ - 19

പൂർണമായി തകർന്നത് - 1 (പി.കെ. ഷാജി, അമരാവതി, കുന്നത്തൂർ പടിഞ്ഞാറ്)

പോരുവഴി വില്ലേജ്

ഭാഗികമായി തകർന്ന വീടുകൾ- 3

ശൂരനാട് സൗത്ത് വില്ലേജ്

ഭാഗികമായി തകർന്ന വീടുകൾ - 17