ആലപ്പുഴ: കഴിഞ്ഞ പ്രളയശേഷം സർക്കാർ അഭ്യർത്ഥനയെ തുടർന്ന് പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തിയ നെതർലാൻഡ് സംഘം മൂന്ന് മാസം മുമ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്തത് ഒരുമാസം മുമ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തിനും അനുസരിച്ചുള്ള പദ്ധതി തയാറാക്കാൻ ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പുകൾ അടക്കമുള്ളവയ്ക്ക് നിർദ്ദേശം നൽകിയെങ്കിലും നടപടി മന്ദഗതിയിലാണെന്ന് ആക്ഷേപം. കാലവർഷം കനത്ത് ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമൊക്കെ ആയതോടെ നടപടികൾ വീണ്ടും ഇഴഞ്ഞുതുടങ്ങി. നെതർലാൻഡിലെ ശാസ്ത്രജ്ഞരും എൻജിനീയർമാരും അടങ്ങിയ സംഘമാണ് പഠനം നടത്തിയത്.
മലയോര പ്രദേശങ്ങൾ, അണക്കെട്ടുകൾ, പ്രധാന നദികൾ, പൊഴിമുഖങ്ങൾ, കുട്ടനാട്, കടൽത്തീരവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ, പരിസ്ഥിതി ദുർബല മേഖലകൾ എന്നിവിടങ്ങൾ മൂന്ന് തവണയായി സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയുടെ നീരൊഴുക്ക് ശക്തമാക്കുക, എ - സി കനാലിന്റെ ആഴവും വീതിയും വർദ്ധിപ്പിക്കുക, തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം പൂർത്തികരിക്കുക എന്നിവയാണ് മലയോര ജില്ലകളിൽ നിന്ന് ഒഴുകിയെത്തുന്ന ജലം കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങളെ മുക്കുന്നത് തടയാൻ സംഘം നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന് വിശദമായ പദ്ധതി സമർപ്പിക്കാൻ കുട്ടനാട് പാക്കേജിന്റെ ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തോട്ടപ്പള്ളി സ്പിൽവേയിലൂടെ ഒരു സെക്കൻഡിൽ 1800 ഘനമീറ്റർ വെള്ളം കടലിലേക്ക് ഒഴുക്കി വിടാനാണ് നിർദ്ദേശം. എന്നാലിപ്പോൾ 700 ഘനമീറ്റർ വെള്ളമാണ് ഒഴുക്കുന്നത്. മണിമല ആറിലെ അധിക ജലം ഒഴുക്കി വിടുന്നതിനായുള്ള എ - സി കനാൽ നവീകരണത്തിന്റെ ആദ്യഘട്ടത്തിൽ കിടങ്ങറ മുതൽ ഒന്നാങ്കരവരെ ആഴവും വീതിയും വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, രണ്ടും മൂന്നും ഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് തടസമായി നിൽക്കുന്നത് 40 മീറ്റർ വീതിയില്ലായ്മയാണ്. ചില ഭാഗങ്ങളിൽ പകുതി പോലും വീതിയില്ല. കൈയേറ്റക്കാരെ ഒഴിപ്പിച്ചാലേ നവീകരണം അടുത്തഘട്ടത്തിലേക്ക് കടക്കൂ.
റീബിൽഡിന് സാങ്കേതിക സഹായം
കടലിനോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന് അഞ്ചിൽ രണ്ട് ഭാഗവും താഴ്ന്നു കിടക്കുന്ന പ്രദേശമാണ് നെതർലാൻഡ്. വെള്ളപ്പൊക്കമാണ് പ്രധാന പ്രശ്നം. കടലാക്രമണവും ശക്തമാണ്. ഇവയോട് പൊരുതിയാണ് ഇവിടത്തെ ജനത ജീവിതം കരുപ്പിടിപ്പിച്ചത്. ഇതാണ് പഠനത്തിനായി സംസ്ഥാന സർക്കാർ നെതർലാൻഡ് സംഘത്തെ തിരഞ്ഞെടുക്കാൻ കാരണം. റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിനും നെതർലാൻഡ് സാങ്കേതിക സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ തുടർ ചർച്ചകൾ നടക്കുകയാണ്.
റിപ്പോർട്ടിൽ പറയുന്നത്
തോട്ടപ്പള്ളി പൊഴിമുഖത്ത് 360 മീറ്റർ വീതിയിൽ ആഴമുള്ള ജലാശയം
വീയപുരം - തോട്ടപ്പള്ളി ലീഡിംഗ് ചാനലിന്റെ വീതി 80 മീറ്ററിൽ നിന്ന് 100 മീറ്ററാക്കി ആഴം വർദ്ധിപ്പിക്കണം
സ്ഥലം ഏറ്റെടുക്കുന്നതിന് തടസമുണ്ടെങ്കിൽ ലീഡിംഗ് ചാനലിന് സമാന്തരമായി ഒഴുകുന്ന കരിയാർ, കോരംകുഴി തോടുകളിൽ റഗുലേറ്ററിംഗ് സംവിധാനത്തോടെ ആഴം വർദ്ധിപ്പിച്ച് നീരൊഴുക്ക് ശക്തമാക്കണം
തോട്ടപ്പള്ളി പൊഴിമുഖത്ത് കരിമണൽ അടിഞ്ഞുകൂടുന്നത് നീക്കണം
എ - സി കനാലിന്റെ ആഴവും വീതിയും വർദ്ധിപ്പിക്കണം
(എ - സി കനാൽ നവീകരണ പദ്ധതിക്ക് ആവശ്യമായ പഠനം നടത്താൻ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'വാപ്ക്കോസ്' എന്ന ഏജൻസിയെ ചുമതലപ്പെടുത്തി)
കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശത്തെ 400 പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തണം
(കുട്ടനാട് പാക്കേജിൽ 157പാടശേഖരങ്ങളുടെ ബണ്ട് മാത്രമാണ് ബലപ്പെടുത്തിയത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ സംസ്ഥാന സർക്കാർ 37പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തി. ശേഷിച്ച പാടശേഖരങ്ങളിൽ ബണ്ട് ബലപ്പെടുത്താൻ 1500കോടി രൂപയുടെ പദ്ധതി)