കുണ്ടറ: കൂടെ താമസിച്ചുവന്ന യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം പീഡിപ്പിച്ച യുവാവിനെ കുണ്ടറ പൊലീസ് പിടികൂടി. അമ്പലംകുന്ന് ബിന്ദു ഭവനിൽ ബിനു (42സന്തോഷ്) ആണ് പിടിയിലായത്. ഉമയനല്ലൂർ, ഡീസന്റുമുക്ക് ഭാഗങ്ങളിൽ താമസിച്ചുവരികയായിരുന്നു ബിനു.ഡീസന്റുമുക്കിലെ വീട്ടിൽ വീട്ടുജോലിക്ക് നിൽക്കെ വീട്ടുടമസ്ഥന്റെ മകന് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയപ്പോൾ പരിചയപ്പെട്ട ആശുപത്രി ജീവനക്കാരിയുമായി കഴിഞ്ഞ നാല് വർഷമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇവരുടെ മകളെയാണ് നാലു വർഷമായി പീഡിപ്പിച്ചുവന്നത്.
കിണർ നിർമ്മാണതൊഴിലാളിയായ ബിനു ജോലിക്കായി കർണ്ണാടക, തമിഴ്‌നാട് ഭാഗങ്ങളിലേക്ക് പോയപ്പോൾ സ്ത്രീയെയും ഇവരുടെ മകനെയും മകളെയും ഒപ്പം കൂട്ടുകയായിരുന്നു.അവിടെവച്ചും പലതവണ പീഡിപ്പിച്ചു. നാട്ടിലെത്തിയശേഷം പെൺകുട്ടിയെ കോൺവെന്റിലാക്കിയിരുന്നു. കോൺവെന്റിൽനിന്നു കൂട്ടിക്കൊണ്ടുവന്നും പീഡിപ്പിച്ചതായും പറയുന്നു.
ഇതേക്കുറിച്ച് സംശയം തോന്നിയ ചിലരാണ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്.പെൺകുട്ടിയുടെ മൊഴിയിൽ നിന്നും പൊലീസിന് ലഭിച്ചത് സന്തോഷ് എന്ന പേരും ആറ് മാസം മുൻപ് സ്വിച്ച് ഓഫ് ആയ ഒരു ഫോൺ നമ്പറും മാത്രമായിരുന്നു. അഡ്രസ്, ഫോട്ടോ, ഫോൺനമ്പർ തുടങ്ങിയവയൊന്നും ലഭ്യമായിരുന്നില്ല. സന്തോഷെന്നുപേരുള്ള നിരവധിപേരെ ചോദ്യംചെയ്തിരുന്നു.എസ്.പി, കുണ്ടറ സി.ഐ, എസ്.ഐ എന്നിവർ മൂന്ന് ദിവസം കൊണ്ട് നടത്തിയ ചടുലമായ അന്വേഷണമാണ് ബിനുവിനെ കുടുക്കിയത്. എസ്.പിയുടെ നേതൃത്വത്തിൽ സ്‌റ്റേഷൻ ഓഫീസർ ആർ.എസ്.ബിജു, എസ്.ഐ. സി.കെ.വിദ്യാധിരാജ്, എസ്.സി.പി.ഒ.സതീശൻ, സി.പി.ഒ. റിജിൻ, ദേവപാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.പെൺകുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തു വരികയാണ്.