അഞ്ചൽ: കേരളകൗമുദി അഞ്ചൽ ഫെസ്റ്റിൽ ഇന്നലെ അഞ്ചൽ സെന്റ്ജോർജ്ജ് സെൻട്രൽ സ്കൂളിലെ കുരുന്നുകൾ അവതരിപ്പിച്ച കലാസന്ധ്യ ആസ്വാദകരുടെ മനംകവർന്നു. മുപ്പതോളം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വീക്ഷിക്കാൻ വൻ ജനാവലിഎത്തിയിരുന്നു.
തിരുപ്പതി വെങ്കിടേശ്വരനെ സ്തുതിച്ചുകൊണ്ടുള്ള ഹൃദയഹാരിയായ ഭരതനാട്യവുമായി എത്തിയ മൂന്നാം ക്ലാസുകാരി വൈഷ്ണവി കാണികളുടെ ഹൃദയം കീഴടക്കി. രാമായണത്തിലെ കഥാപാത്രമായ താടകയുടെ ചരിത്രം നാടോടി നൃത്തമായി അവതരിപ്പിച്ച വൈഷ്ണവി ഗ്രൂപ്പ് ഡാൻസിലും തിളങ്ങി..
സൗത്ത് സോൺ സഹോദയ മത്സരത്തിൽ ഒന്നാം സ്ഥാനംനേടിയ കന്യാകുമാരിദേവീ ചരിതം സംഘനൃത്തമാക്കി നവമി ആർ നായരും കൂട്ടരും സദസ്യരെ വിസ്മയിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ മഹത്വം കുഞ്ഞാമിനായിലൂടെ അവതരിപ്പിച്ചു 9 ക്ലാസുകാരി ആഭാലക്ഷ്മിയും രാവണപുത്രിയെ വേദിയിലെത്തിച്ച ഏഴാം ക്ലാസുകാരി നവമിയും ഏകാഭിനയത്തിൽ മികവുകാട്ടി.
നാടോടിനൃത്തം, സംഘനൃത്തം. സിനിമാറ്റിക് ഡാൻസ്, ഇംഗ്ലീഷ്, ഹിന്ദി കവിത, തുടങ്ങി വൈവിധ്യമായ കലാപരിപാടികൾ ആസ്വദിക്കാൻ നൂറുക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. പ്രതിഭകൾക്ക് കേരളകൗമുദിയുടെ ഉപഹാരവും മെഡലുകളും നൽകി.
പ്രിൻസിപ്പൽ ലീന അലക്സ്,അധ്യാപകരായ വത്സല, ആശ, ആനി,മൃദുല,രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.