കൊല്ലം: അന്യരുടെ ദുഃഖം സ്വന്തം ദുഃഖമായി ഏറ്റെടുത്ത് അവരോടൊപ്പം നിൽക്കുക മഹത്തായ സേവനമാണെന്ന് മലയാളം സർവകലാശാല സ്ഥാപക വൈസ് ചാൻസലർ കെ. ജയകുമാർ പറഞ്ഞു. സർക്കാരിനെയും മറ്റുള്ളവരെയും പഴി പറയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി സ്വയം പ്രവർത്തിക്കാൻ മുന്നോട്ടു വരുന്നവരോടൊപ്പം നിൽക്കാൻ സമൂഹം തയ്യാറാകണമെന്ന് ജയകുമാർ പറഞ്ഞു. 18 വയസിൽ താഴെയുള്ള ദീർഘകാലരോഗം ബാധിച്ച കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 'സൊലസ്' എന്ന സംഘടനയുടെ കൊല്ലം യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രോഗത്തിനും ദുഃഖത്തിനും ജാതി മത വ്യത്യാസങ്ങളില്ലെന്നും രോഗം ബാധിച്ച കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ചേർത്തുപിടിക്കുന്ന സൊലസ് മഹത്തായ സന്ദേശമാണ് നൽകുന്നതെന്നും യോഗത്തിൽ സ്നേഹസന്ദേശം നൽകിയ എഴുത്തുകാരി ഒ.വി. ഉഷ പറഞ്ഞു.
കടപ്പാക്കട സ്പോർട്സ് ക്ലബ് ഹാളിൽ നടന്ന സമ്മേളനത്തിൽ ടി.കെ. വിനോദൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബിന്ദു, ഡോ. അനി വസന്ത എന്നിവർ സംസാരിച്ചു. സൊലസ് കൊല്ലം യൂണിറ്റ് കൺവീനർ ഡോ. അനിതാ ശങ്കർ സ്വാഗതവും വിൽസൺ ജോൺ നന്ദിയും പറഞ്ഞു. പ്രൊഫ. എം.കെ. സാനു, സൊലസ് സ്ഥാപക ഷീബ അമീർ എന്നിവരുടെ വീഡിയോ സന്ദേശങ്ങൾ ചടങ്ങിൽ പ്രദർശിപ്പിച്ചു.