അഞ്ചൽ: ഇന്ത്യൻ കാർട്ടൂണുകളുടെ കുലപതിയായ ശങ്കർ, യേശുദാസൻ, ടോംസ്, കുട്ടി, വേഗവരയ്ക്ക് ലോക റെക്കോഡ് നേടിയ ജിതേഷ്ജി, പാച്ചൻ കൊട്ടിയം, വിനോബ് കാരക്കാട് തുടങ്ങി പ്രമുഖരായ 270 ഓളം കാർട്ടൂണിസ്റ്റുകളുടെ 2700ൽ പരം കാർട്ടൂണുകളുടെ വിസ്മയ കാഴ്ച കാണാൻ അഞ്ചൽ ഫെസ്റ്റിലെ ശിലാ മ്യൂസിയത്തിൽ സന്ദർശകരുടെ വൻ തിരക്ക്. ലോകത്തിലെ ഏറ്റവും വലിയ കാർട്ടൂണുകളുടെ ശേഖരമാണ് ഇവിടെ കാണാൻ കഴിയുന്നത്. കൂടാതെ 1912മുതലുള്ള ആദ്യകാല കാർട്ടൂൺ മാസികകൾ, നൂറ് വർഷം പഴക്കമുള്ള പുസ്തകങ്ങൾ, തുടങ്ങി നിരവധി ശേഖരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ ബൈനോക്കുലർ, 1951ലെ ആദ്യ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ബാലറ്റ് പെട്ടി, ആദ്യകാല അളവ് തൂക്കത്തിന് ഉപയോഗിച്ചിരുന്ന തോല, മുപ്പത്തിയഞ്ചോളം വിവിധ ത്രാസുകൾ, 1922ലെ ക്യാമറ, നൂറിലധികം വർഷം പഴക്കമുള്ള പിയാനോ, താളിയോലകളിൽ എഴുതിയ നൂറിൽപരം ഗ്രന്ഥക്കെട്ടുകളും ഉൾപ്പെടെ എഴുതിയാൽ തീരാത്ത അപൂർവ ഇനം പുരാവസ്തുക്കളുടെ ഉടമയാണ് ഈ മുപ്പത്തെട്ടുകാരൻ. പത്തനംതിട്ട ജില്ലയിലെ ആദിവാസി വീടുകളിൽ എല്ലാമാസവും ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും എത്തിക്കുന്ന 'സ്നേഹപ്പച്ച ' എന്ന കൂട്ടായ്മയുടെ ചെയർമാനും 'നേച്ചർ പ്ലസ് കേരള 'എന്ന പരിസ്ഥിതി സംഘടനയുടെ സജീവ സാന്നിധ്യം കൂടിയാണ് ശിലാ സന്തോഷ്.