കൊല്ലം: രേഖകളില്ലാതെ കൊണ്ടുവന്ന 57 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ചരക്ക് സേവന നികുതി വിഭാഗം വാഹന പരിശോധനയ്ക്കിടെ കരുനാഗപ്പള്ളിയിൽ വച്ചാണ് സ്വർണം പിടികൂടിയത്.
സംസ്ഥാനത്തിന് പുറത്ത് നിന്നും ഇവിടെയെത്തിച്ച ശേഷം വില്പന നടത്താനായി ആഭരണങ്ങളായി നിർമ്മിച്ച 152.36 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണം കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ചരക്ക് സേവന നികുതി വിഭാഗം പരിശോധന ആരംഭിച്ചത്. അല്പസമയത്തിനകം സ്വർണവുമായി വന്ന കാർ കുടുങ്ങി. കാർ ഓടിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തു. 341720 രൂപ നികുതി ഈടാക്കിയ ശേഷം സ്വർണം വിട്ടുനൽകും. സംസ്ഥാന ചരക്ക് സേവന നികുതി വിഭാഗം അസി. കമ്മിഷണർ എച്ച്. ഇർഷാദിന്റെ നിർദ്ദേശ പ്രകാരം അസി. സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ ബി. രാജേഷ്, ജി. രഞ്ജിത്ത്, പി.എൻ. ഷഹീന, ബാലമുരളീകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.