പുനലൂർ: പുനലൂർ നഗരസഭയുടെ ഉടമസ്ഥതയിലുളള ഏഴ് നിലയുള്ള കെട്ടിട സമുച്ചയത്തിന്റെ നവീകരണം അനന്തമായി നീളുന്നതോടെ ഇതിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ദൂരദർശൻ, എഫ്.എം റേഡിയോ നിലയം അടക്കമുള്ളവയുടെ പ്രവർത്തനവും നിലച്ചു. ഇപ്പോഴും ഇവയിലെ പരിപാടികൾ ആസ്വദിക്കുന്ന നിരവധിപേരാണ് ഇതോടെ നിരാശയിലായത്. ഒന്നര വർഷം മുമ്പാണ് കെട്ടിടത്തിന്റെ നവീകരണം ആരംഭിച്ചത്. ഈ സമയത്ത് രണ്ട് നിലയങ്ങളും പ്രവർത്തിച്ചിരുന്നു. പിന്നീട് ഉപകരണങ്ങൾ അഴിച്ചുമാറ്റിയതോടെയാണ് ഇവയുടെ പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചത്.
എന്നാൽ സമീപത്തെ മറ്റേതെങ്കിലും കെട്ടിടത്തിലേക്ക് നിലയങ്ങളുടെ പ്രവർത്തനം മാറ്റി സ്ഥാപിക്കാനുള്ള നടപടി അധികൃതർ സ്വീകരിച്ചില്ല. ഇതോടെയാണ് പൂനലൂർ, തെന്മല, ആര്യങ്കാവ്, കരവാളൂർ, വിളക്കുടി, പിറവന്തൂർ, കുളത്തൂപ്പുഴ പഞ്ചായത്തുകളിലെ ശ്രോതാക്കൾ നിരാശരായത്. വർഷം ഒന്നര കഴിഞ്ഞിട്ടും നിലയങ്ങൾ പ്രവർത്തനം ആരംഭിക്കാത്തതിൽ അമർഷം ശക്തമാണ്. നിലയങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
പുനലൂരിൽ നിന്ന് പ്രക്ഷേപണം ചെയ്തിരുന്ന ദൂരദർശൻ കേന്ദ്രം, എഫ്.എം റേഡിയോ നിലയം എന്നിവയുടെ പ്രവർത്തനം നിലച്ചതോടെ പഴയ കലാരൂപങ്ങളും ചലച്ചിത്ര ഗാനങ്ങളും ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലയം സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ നവീകരണത്തിന് വേണ്ടിയാണ് പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചത്. ഇത് പുനഃസ്ഥാപിച്ച് പഴയ നിലയിൽ പ്രക്ഷേപണം ആരംഭിക്കാൻ ബന്ധപ്പെട്ടവർ ഇടപെടണം.
കെ. സുകുമാരപണിക്കർ, ശ്രീവിലാസം, കെ.വി.എസ് ഇടമൺ
പുനലൂരിൽ പ്രവർത്തിച്ചിരുന്ന ദൂരദർശൻ, എഫ്.എം നിലയങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാൻ അനുദിക്കില്ല. പുനലൂരിലെയും സമീപ പഞ്ചായത്തുകളിലെയും താമസക്കാരെ ലക്ഷ്യമിട്ടാണ് ഇവിടെ ദൂരദർശന്റെയുംഎഫ്.എമ്മിന്റെയും റിലേ കേന്ദ്രം ആരംഭിച്ചത്. ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് നേരത്തെ തന്നെ ചർച്ച നടത്തിയിരുന്നു. നിലയം മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു. പ്രവർത്തനത്തിന് ആവശ്യമായ കെട്ടിടം പുനലൂരിൽ ഒരുക്കി നൽകിയാൽ പ്രക്ഷേപണം ഉടൻ ആരംഭിക്കും.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
ദൂരദർശൻ നിലയം പ്രവർത്തിച്ചിരുന്ന നഗരസഭയുടെ നിയന്ത്രണത്തിലുളള ഏഴുനിലയുളള കെട്ടിടത്തിന്റെ നവീകരണം പുരോഗമിക്കുകയാണ്. ഇലട്രിക്കൽ, പ്ലമ്പിംഗ്, ലിഫ്റ്റ് അടക്കമുള്ളവയുടെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇതും ഉടൻ പൂർത്തിയാക്കും.കെട്ടിടത്തിന്റെ നവീകരണത്തിന് കാലതാമസം നേരിടേണ്ടി വന്നാലും മൂന്ന് മാസത്തിനകം ദൂരദർശൻ കേന്ദ്രം പ്രവർത്തിക്കാനുളള സ്ഥലം പുനലൂരിൽ തന്നെ ക്രമീകരിച്ച് നൽകും
കെ.രാജശേഖരൻ, നഗരസഭ ചെയർമാൻ, പുനലൂർ.