c
കൂട്ടിക്കട

കൊല്ലം: കൂട്ടിക്കടയിൽ റെയിൽവേ ലെവൽക്രോസ് സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ വൈകാതെ ചീഫ് എൻജിനിയർക്ക് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ വിശദ പഠനത്തിനുള്ള അനുമതി ലഭിക്കും.

കൂട്ടിക്കടയിലെ ഗതാഗതം സ്തംഭനം ഒഴിവാക്കാൻ ലെവൽക്രോസുകൾ തട്ടാമല, മയ്യനാട് റോഡുകൾക്ക് നേരെ എതിർദിശയിലാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് സ്ഥല പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. നേരെ എതിർദിശയിൽ നിന്ന് വരുന്ന മയ്യനാട്, തട്ടാമല റോഡുകൾ കൂട്ടിക്കട ജംഗ്ഷനിലെത്തി വളഞ്ഞാണ് ലെവൽക്രോസിലേക്ക് കയറുന്നത്. ഈ രണ്ട് വളവുകളാണ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം.

പ്രാഥമിക റിപ്പോർട്ട്

കൂട്ടിക്കടയിലെ ഗതാഗത സ്തംഭനത്തിന്റെ പ്രധാന കാരണങ്ങൾ, ജംഗ്ഷന്റെ രൂപരേഖ, ഓരോ റോഡിൽ നിന്നും ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങളുടെ ശരാശരി എണ്ണം തുടങ്ങിയ വിവരങ്ങളാകും പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നത്.

വീണ്ടും പരിശോധന

പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും മുൻപ് ഒരിക്കൽക്കൂടി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കൂട്ടിക്കടയിൽ സ്ഥല പരിശോധന നടത്തിയേക്കും.