പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ
കൊല്ലം: ജില്ലാ ആശുപത്രി മൂന്ന് ബ്ലോക്കുകളായി തിരിച്ച് നവീകരിക്കുന്നു. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. കിഫ്ബി വഴി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറായി. പതിനഞ്ച് നിലകളുമായി മെയിൻ ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ 12 നിലകളുടെ നിർമ്മാണം പൂർത്തിയാക്കും. അത്യാഹിത വിഭാഗം ഉൾപ്പെടെ 8 നിലകളുള്ള ഡയഗ്നോസ്‌റ്റിക്ക് വിഭാഗമാണ് അടുത്തത്. ആദ്യഘട്ടത്തിൽ അഞ്ച് നിലകളുടെ നിർമ്മാണം പൂർത്തികരിക്കുകയാണ് ലക്ഷ്യം. ഇതോടെ ബ്ലഡ് ബാങ്ക്, ലാബ് തുടങ്ങി പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന പരിശോധനാ കേന്ദ്രങ്ങളെല്ലാം ഒരു കെട്ടിടത്തിലാക്കി രോഗികളുടെ അസൗകര്യത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം. മൂന്നാമത്തേത് മോർച്ചറിക്കായുള്ള ബ്ലോക്കാണ്. അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ രണ്ടു നിലകളാണ് ആദ്യം പൂർത്തീകരിക്കുക. ജില്ലാ ആശുപത്രിയിൽ പക്ഷാഘാത (സ്‌ട്രോക്ക്) വിഭാഗം ഉടൻ ആരംഭിക്കും. പക്ഷാഘാതമുണ്ടാകുന്ന രോഗിയെ പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചാൽ മികച്ച ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കരുനാഗപ്പള്ളി, കടയ്‌ക്കൽ, നീണ്ടകര, കൊട്ടാരക്കര താലൂക്കാശുപത്രികളിൽ സൗജന്യ ഡയാലിസിസ് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വൃക്ക ദാനം നൽകിയവരെ അനുമോദിക്കൽ, വൃക്കദാനം സംബന്ധിച്ച് ബോധവത്‌കരണം, സ്‌കൂൾ - കോളേജ് എന്നിവ കേന്ദ്രീകരിച്ച് മെഡിക്കൽ ക്യാമ്പുകൾ, കിടപ്പുരോഗികൾക്കായി മൊബൈൽ ഡയാലിസിസ് യൂണിറ്റ്, ടെസ്‌റ്റിംഗ് യൂണിറ്റ് എന്നിവ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 1 മുതൽ ജൂലായ് 31 വരെ ഫൗണ്ടേഷന്റെ ഭാഗമായി നടന്ന 483 ഡയാലിസിസുകളുടെ ഇനത്തിൽ 2,65,650 രൂപയുടെ ചെക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രി സൂപ്രണ്ടിന് കൈമാറി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രസാദ്, ശ്രീലേഖ, ശിവശങ്കരപിള്ള എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
184 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്
വിക്‌ടോറിയ ആശുപത്രിയിലും നവീകരണം
ജില്ലാ ആശുപത്രിക്കൊപ്പം കിഫ്ബിയിൽ ഉൾപ്പെടുത്തി വിക്‌ടോറിയ ആശുപത്രിയിലും നവീകരണ പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിടുന്നുണ്ട്. കാലപ്പഴക്കം ചെന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചാണ് ഇവയുടെ നിർമ്മാണം ആരംഭിക്കുക.
103 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്
സ്ഥലപരിമിതി ഒരു പ്രശ്നമാണെങ്കിലും നവീകരണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ തന്നെ സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലുള്ള ആശുപത്രിയായി ജില്ലാ ആശുപത്രി മാറും
ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്
ജില്ലയിലെ വൃക്കരോഗികളുടെ സമഗ്ര പരിചരണത്തിനായി കൊല്ലം ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ജീവനം ഫൗണ്ടേഷന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി, കടയ്‌ക്കൽ, നീണ്ടകര, കൊട്ടാരക്കര താലൂക്കാശുപത്രികളിൽ സൗജന്യ ഡയാലിസിസ് പ്രവർത്തനം വ്യാപിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി
15 നിലകളുമായി മെയിൻ ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ 12 നിലകളുടെ നിർമ്മാണം പൂർത്തിയാക്കും.