cashew-centre-
കശുഅണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകാത്തതിൽ പ്രതിഷേധിച്ച് കാഷ്യു കോർപ്പറേഷൻ ഹെഡോഫീസിലേക്ക് കശുഅണ്ടി തൊഴിലാളി സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച്

കൊല്ലം:സുപ്രീം കോടതി വിധിയെ തുടർന്ന് 2002 ൽ കശുഅണ്ടി വികസന കോർപ്പറേഷൻ പഴയ ഉടമകൾക്ക് വിട്ടുകൊടുത്ത മുഖത്തല, എഴുകോൺ, നെടുവത്തൂർ, കല്ലമ്പലം ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകണമെന്നാവശ്യപ്പെട്ട് കാഷ്യു കോർപ്പറേഷൻ ഹെഡോഫീസിലേക്ക് കശുഅണ്ടി തൊഴിലാളി സെന്ററിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.
കശുഅണ്ടി തൊഴിലാളി സെന്റർ ജനറൽ സെക്രട്ടറി എസ്. രാധാകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എസ്.യു.സി.ഐ (സി) ജില്ലാ സെക്രട്ടറി ഷൈല കെ. ജോൺ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ബി. വിനോദ്, യൂണിയൻ നേതാക്കളായ ബി. രാമചന്ദ്രൻ, സദാനന്ദൻപിളള, അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ സെക്രട്ടറി ട്വിങ്കിൾ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാറ്റുവിറ്റി വിതരണം ചെയ്യാത്ത പക്ഷം കാഷ്യു കോർപ്പറേഷൻ ഹെഡോഫീസിന് മുന്നിൽ തൊഴിലാളികളും കുടുംബാംഗങ്ങളും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.