സാധാരണക്കാർക്കും അദ്ധ്വാനിക്കുന്നവർക്കും ചൂഷണത്തിന് ഇരയായവർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു.ടി.എം. പ്രഭ. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്.
എൻ.ശ്രീകണ്ഠൻനായർക്കും ടി.കെ.ദിവാകരനുമൊപ്പം തൊഴിലാളികളുടെ കരുത്തായി ഏതു പ്രതിസന്ധി ഘട്ടത്തിലും ടി.എം. പ്രഭ നിലയുറപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ തൊഴിലാളി സ്നേഹവും സമരവീര്യവും ജ്വലിച്ചു നിന്ന ഒരു സമരമാണ് ചന്ദനത്തോപ്പിൽ നടന്നത്.
ചന്ദനത്തോപ്പ് വെടിവയ്പും തുടർന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങളും പ്രഭയുടെ പൊതുപ്രവർത്തനവുമായി ഇഴുകിച്ചേർന്നിരിക്കുന്നു.സംഭവസ്ഥലത്തുവച്ച് അറസ്റ്റുചെയ്യപ്പെട്ട ടി.എം.പ്രഭ ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയായി. ക്രിമിനൽ കേസുകളിൽ പ്രതിയാക്കി ജയിലിലടച്ചു. ചന്ദനത്തോപ്പിൽ ടി.എം.പ്രഭ കൊളുത്തിയ വിപ്ലവാഗ്നി കേരളമാകെ പടർന്നു. 1959ൽ ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടുന്നതിന് അത് കളമൊരുക്കി.
1958 ജൂലൈ 26നാണ് ചന്ദനത്തോപ്പ് ഹിന്ദുസ്ഥാൻ കാഷ്യൂ പ്രോഡക്ട്‌സ് കശുവണ്ടി ഫാക്ടറി തൊഴിലാളികളുടെ നേരെ പൊലീസ് വെടിവയ്പ്പ് ഉണ്ടായത്. രാമൻ, സുലൈമാൻ എന്നീ തൊഴിലാളികൾ തൽക്ഷണം പിടഞ്ഞുവീണു മരിച്ചു. ലാത്തിച്ചാർജ്ജിലും കല്ലേറിലും സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് തൊഴിലാളികൾക്കും പൊലീസുകാർക്കും പരിക്കുപറ്റി. ടി.എം.പ്രഭയും സഖാക്കളും ക്രൂരമായ പൊലീസ് മർദ്ദനത്തിന് വിധേയരായി.
ബോണസ്, ലീവ് വിത്ത് വേജസ്, അറ്റൻഡൻസ് കാർഡ് എന്നിവയെക്കുറിച്ച് യൂണിയനുമായി ഉണ്ടാക്കിയ കരാർ മാനേജ്‌മെന്റ് നടപ്പിലാക്കാതിരുന്നതാണ് സമരത്തിന്റെ പ്രധാന കാരണം.
സ്ഥാപനം ഉടമകൾ പൊലീസ് സഹായത്തോടെ ഫാക്ടറിയിൽ നിന്ന് അണ്ടിപ്പരിപ്പ് നിറച്ച ലോറികൾ പുറത്തേക്ക് വിടാൻ ശ്രമിച്ചു. ടി.എം.പ്രഭ, ചന്ദ്രശേഖര ശാസ്ത്രി, അയ്യൻ, കെ.പി.രാഘവൻപിള്ള എന്നീ നേതാക്കൾ ഫാക്ടറിയിലെത്തി ഇതിനെ എതിർത്തു. കൊല്ലം ഡിവൈ.എസ്.പി. മാധവൻപിള്ള, റവന്യൂ ഡിവിഷണൽ ഓഫീസർ സി.പി.രാമകൃഷ്ണപിള്ള എന്നിവരുടെ നിർദ്ദേശപ്രകാരം ലാത്തിച്ചാർജ്ജ് ആരംഭിച്ചു. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെ ചെറുത്തുനിന്ന പ്രഭയടക്കമുള്ള നേതാക്കളെ പൊലീസ് ഫാക്ടറിക്കകത്തു കിടന്ന വാനിൽ കയറ്റി മർദ്ദിച്ചു. ഗ്രേഡിംഗ് തൊഴിലാളിയായിരുന്ന ചെല്ലമ്മയമ്മയുടെ ഭർത്താവ് കൊറ്റങ്കര വില്ലോന്നി പടിഞ്ഞാറ്റതിൽ ശിവരാമപിള്ളയ്ക്ക് ഇടത് കൈമുട്ടിനുമുകളിൽ കഴുത്തിന് താഴെ വെടിയേറ്റു.ടി.എം.പ്രഭ, കെ.പി.രാഘവൻപിള്ള തുടങ്ങിയ നേതാക്കളെ പൊലീസ് വാനിൽ കൊല്ലത്തേക്ക് കൊണ്ടുപോയി. വാനിൽവച്ച് പൊലീസുകാരൻ ടി.എം.പ്രഭയുടെ മുഖമടച്ച് അടിച്ചു. അദ്ദേഹം അഞ്ചുദിവസം ബോധരഹിതനായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിൽ 144 പ്രഖ്യാപിച്ചു. വെടിവെയ്പ് വാർത്തയറിഞ്ഞ് അയത്തിൽ,കല്ലുംതാഴം, കിളികൊല്ലൂർ, ഉളിയക്കോവിൽ മേഖലകളിലെ തൊഴിലാളികൾ ഒന്നടങ്കം
പണിശാലകൾ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി. അവർ കല്ലുംതാഴത്ത് ഒത്തുകൂടി. എൽ.മർസിലിൻ, ഇബ്രാഹിംകുട്ടി, ശിൽപാ തങ്കപ്പൻ, ഡി.ശ്രീധരൻ, ആശ്രാമം വാസുദേവൻ, ടി.കെ.അനന്തകൃഷ്ണൻ, മന്ത്രം സുകുമാരൻ, ഹനുമാൻ നീലകണ്ഠൻ, കൊച്ചുകരുണാകരൻ എന്നിവരുടെ നേതൃത്വത്തിൽ ചന്ദനത്തോപ്പിലേക്ക് നീങ്ങി. പൊലീസ് കുണ്ടറ മുതൽ കല്ലുംതാഴം വരെ റോഡ് ബ്ലോക്ക് ചെയ്തു. കണ്ണിൽ കണ്ടവരെയെല്ലാം മർദ്ദിച്ചു. നിരപരാധികളെ പ്രതിയാക്കി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു.
ചന്ദനത്തോപ്പ് സമരത്തിൽ വെടിയേറ്റ് രാമനും സുലൈമാനും അനശ്വര രക്തസാക്ഷികളായപ്പോൾ വെടിവയ്പ്പിൽ മുറിവേറ്റ ശിവരാമപിള്ളയും കരുണാകര
പിള്ളയും അടുത്തകാലത്ത് മരിച്ചു.
ക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായ
ടി.എം.പ്രഭ 48 വർഷക്കാലം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ മിഷൻ ആശുപത്രിയിലെ ചികിത്സയിലായിരുന്നു. മൂന്ന് വാരിയെല്ലുകൾ നഷ്ടപ്പെട്ടു. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. ആന്തരാവയവങ്ങൾ പലതും മുറിച്ചുമാറ്റപ്പെട്ടു. ഡയഫ്രം ഭാഗികമായി തകർന്നു. കൈകാലുകൾ ചവിട്ടി പിരിച്ചൊടിച്ചതിന്റെ ഫലമായി
പഴയതുപോലെ നടക്കാനാകുമായിരുന്നില്ല.
ഈ വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവായി. ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ശങ്കരനായിരുന്നു അന്വേഷണ കമ്മിഷൻ. ജസ്റ്റിസ് ശങ്കരൻ കമ്മിഷൻ റിപ്പോർട്ടിൽ ഗവൺമെന്റ് നീതി നിർവഹണത്തിൽ വീഴ്ച വരുത്തിയതായി രേഖപ്പെടുത്തിയിരുന്നു. വസ്തുത ബോദ്ധ്യപ്പെട്ട അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ വർഷങ്ങൾക്കുശേഷം ടി.എം.പ്രഭയെ നേരിൽകണ്ട് ഖേദം പ്രകടിപ്പിച്ചു.
1922 ഏപ്രിൽ 7ന് പട്ടത്താനത്ത് കുന്നുവിളയിൽ മാധവൻ - കാർത്ത്യായനി ദമ്പതികളുടെ മകനായി ജനിച്ച ടി.എം.പ്രഭ കൊല്ലം ഗവ. മലയാളം ഹൈസ്‌ക്കൂളിൽ വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് പുറത്താക്കപ്പെട്ടു.
സ്റ്റേറ്റ് കോൺഗ്രസ് നേതാവ് അഡ്വ.പി.ജി.വർഗ്ഗീസിന്റെ നേതൃത്വത്തിൽ നടത്തിയ ജാഥയിൽ പങ്കെടുത്തതിന് പൊലീസ് അറസ്റ്റുചെയ്ത് രണ്ടാഴ്ച ചെങ്കോട്ട ലോക്കപ്പിലടച്ചു. ജയിൽ മോചിതനായ പ്രഭ പുനലൂർ മേഖലയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുഴുകി. 1948ൽ രൂപീകരിച്ച കെ.എസ്.പി.യുടെയും തുടർന്ന് ആർ.എസ്.പി.യുടെയും സജീവ പ്രവർത്തകനായി.
പുത്തൂരിൽ സ്ഥിരതാമസമാക്കിയ പ്രഭ ആർ.എസ്.പി. നേതൃത്വത്തിൽ രൂപീകരിച്ച അഖിലകേരള കശുവണ്ടി തൊഴിലാളി ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി. 1951ൽ മാറനാട് തങ്ങൾകുഞ്ഞ്
മുസലിയാരുടെ കശുവണ്ടി ഫാക്ടറി പടിക്കൽ 19 ദിവസം സത്യാഗ്രഹം നടത്തി. ആഗസ്റ്റിൽ മദ്ധ്യതിരുവിതാംകൂറിലെ കശുവണ്ടി തൊഴിലാളികൾ നടത്തിയ പൊതു പണിമുടക്കിൽ ശ്രീകണ്ഠൻ നായരുടെയും ടി.കെ.ദിവാകരന്റെയും ബേബിജോണിന്റെയും വലംകൈയായി പ്രവർത്തിച്ചു. ഈ സമരത്തിന്റെ ഫലമായിട്ടാണ് കശുവണ്ടി തൊഴിലാളികൾക്ക് മിനിമം വേജസ്, പ്രസവകാല വേതനം, ബോണസ്, ലീവ് വിത്ത് വേജസ് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ സമ്പാദിക്കാൻ കഴിഞ്ഞത്.
1957ലെ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ ചടയമംഗലം അസംബ്ലി നിയോജകമണ്ഡലത്തിൽ ആർ.എസ്.പി.സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു.
1957ൽ ടി.പി.ഗോപാലൻ ആർ.എസ്.പി.ജില്ലാ കമ്മിറ്റി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റി മെമ്പറായിരുന്ന ടി.എം. പ്രഭ പാർട്ടി ജില്ലാ സെക്രട്ടറിയായി. തോട്ടം മേഖലയിലും ടി.എം.പ്രഭ പ്രവർത്തനം സജ്ജീവമാക്കി.
എൻ.ശ്രീകണ്ഠൻ നായർ പ്ലാന്റേഷന്റെ പ്രസിഡന്റെന്ന നിലയിൽ മലബാർ മേഖലയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഓരോ തോട്ടത്തിലും നടക്കുന്ന ചൂഷണങ്ങളും മർദ്ദനമുറകളും പ്രതിരോധിയ്ക്കാനും വിവരം അറിയിക്കുന്നതിനും ശ്രീകണ്ഠൻനായർ പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നത് ടി.എം.പ്രഭ എന്ന സമരപോരാളിയെ ആയിരുന്നു.
അന്ന് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന വയനാട് മേഖലകളിലെ ഹാരിസൺ മലയാളത്തിന്റെ ഏഴ് എസ്റ്റേറ്റുകളിലെ തൊഴിലാളികളെ ഒന്നടങ്കം അണിനിരത്തി റിപ്പൻ- മേപ്പാടി (ഇപ്പോൾ മേപ്പാടി എന്നറിയപ്പെടുന്നു) എന്ന സ്ഥലത്തുവച്ച് തൊഴിലാളികളുടെ ആലോചനായോഗം കൂടി. ടി.കെ.ദിവാകരൻ പ്രസിഡന്റായും ടി.എം.പ്രഭ വൈസ് പ്രസിഡന്റായും കോവളം സുധാകരൻ സെക്രട്ടറിയായും മലബാർ പ്ലാന്റേഷൻ ലേബർ യൂണിയന് രൂപം നൽകി.
ഇടുക്കി ജില്ലയിലെ പീരുമേട്, വണ്ടൻമേട്, കുമളി തുടങ്ങിയ സ്ഥലങ്ങളിലും ഈ യൂണിയന്റെ പ്രവർത്തനങ്ങളുമായി ടി.എം.പ്രഭ തൊഴിലാളികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. പീരുമേട്, ഉടുമ്പൻചോല, കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലും പ്ലാന്റേഷൻ തോട്ടം ഉടമകളുടെ നിരന്തര ചൂഷണത്തിലമർന്ന് കഴിഞ്ഞിരുന്ന തൊഴിലാളികളുടെ രക്ഷകരായി ടി.എം.പ്രഭയുടെ നേതൃത്വത്തിൽ പി.പി.വർഗീസ്, ഭാർഗ്ഗവൻ, എൻ.എ.പ്രഭ, അഡ്വ. അച്യുതൻപിള്ള, ചവറ ബാലൻ, സി.എ.ദേവസിക്കുട്ടി തുടങ്ങിയവർ ഉൾപ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാർ മുന്നിട്ടിറങ്ങി. അവിടെ പ്രവർത്തിച്ചിരുന്ന പല യൂണിയനുകളും തോട്ടം ഉടമകൾക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, വേറിട്ട വഴികളിലൂടെ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി നീങ്ങാൻ ടി.എം.പ്രഭയ്ക്ക് കഴിഞ്ഞു. ഈ കാലയളവിൽത്തന്നെ പത്തനംതിട്ടയിലെ ളാഹ, കോന്നി, ചിറ്റാർ, റാന്നി, പെരുനാട്, കുമ്പഴ തുടങ്ങിയ മേഖലകളിലുള്ള എസ്റ്റേറ്റുകളിലെ തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് എൻ.ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ നടന്ന തീപാറുന്ന സമരങ്ങളിലും ടി.എം. പ്രഭ പ്രധാനകണ്ണി ആയിരുന്നു.
പത്തനാപുരം താലൂക്ക് കേന്ദ്രമാക്കി തെന്മല വാലി പ്ലാന്റേഷൻ ലേബർ യൂണിയൻ രജിസ്റ്റർ ചെയ്ത് പ്രവർത്തനങ്ങൾക്ക് ടി.എം.പ്രഭ നേതൃത്വം നൽകി.
ഇടുക്കി മുണ്ടക്കയം കേന്ദ്രീകരിച്ച് അഖില കേരള പ്ലാന്റേഷൻ ലേബർ യൂണിയൻ, ഏലപ്പാറ കേന്ദ്രീകരിച്ച് ഹൈലാന്റ് പ്ലാന്റേഷൻ ലേബർ യൂണിയനും രൂപീകരിച്ചു. ശ്രീകണ്ഠൻ നായർ പ്രസിഡന്റായും, ടി.എം.പ്രഭ വൈസ് പ്രസിഡന്റായും സി.എ. ദേവസിക്കുട്ടി ജനറൽസെക്രട്ടറിയായും യൂണിയനുകളുടെ പ്രവർത്തനം കാര്യക്ഷമമായി.
1967മുതൽ അഖിലകേരള കശുവണ്ടി തൊഴിലാളി ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായിരുന്ന ടി.കെ.ദിവാകരൻ മന്ത്രി ആയതിനെതുടർന്ന് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായി ടി.എം.പ്രഭ അവരോധിക്കപ്പെട്ടു. യു.റ്റി.യു.സിയുടെ സംസ്ഥാന സെക്രട്ടറിയായും ഒപ്പം അഖിലേന്ത്യാ സെക്രട്ടറിമാരിൽ ഒരാളായും പ്രവർത്തിച്ചിട്ടുണ്ട്.
കുന്നത്തൂർ, കൊട്ടാരക്കര, പുത്തൂർ, ഏനാത്ത്, ഓയൂർ എന്നീ മേഖലകളിലായി വ്യാപിച്ചു കിടന്നിരുന്ന കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ ഒന്നടങ്കം ടി.എം.പ്രഭയുടെ നേതൃത്വം അംഗീകരിച്ചുകൊണ്ട് യു.ടി.യു.സിയുടെ കൊടിക്കീഴിൽ അണിനിരന്നു.
1967ൽ പെരുമ്പുഴ ഡാൽമിയ ഇന്റർ നാഷണൽ കാഷ്യു ഫാക്ടറി അടച്ചുപൂട്ടുന്നതിനെതിരെ ടി.എം.പ്രഭ 10 ദിവസം നിരാഹാര സത്യാഗ്രഹം നടത്തി. സത്യാഗ്രഹ പന്തലിൽ അതിക്രമിച്ചു കയറിയ പൊലീസ് ടി.എം.പ്രഭയെ മർദ്ദിച്ചതിന്റെ ഫലമായി കൈകാലുകൾക്കും മൂക്കിന്റെ പാലത്തിനും ഗുരുതരമായി പരിക്കേറ്റു.
1959 മുതൽ വിവിധ കാലഘട്ടങ്ങളിലായി മിനിമം വേജ് അഡ്വൈസറി ബോർഡ് മെമ്പർ, അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ എന്നീ നിലകളിലും തൃശൂർ സീതാറാം മിൽസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 1957 മുതൽ മരണം വരെയും പ്ലാന്റേഷൻ ലേബർ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
നിരന്തരപോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത ഇ.എസ്.ഐ., പി.എഫ്. ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തൊഴിലാളികളിൽ നിന്ന് കവർന്നെടുക്കുന്നതിനുള്ള നടപടികളും ചർച്ചകളും ചൂടുപിടിച്ച്
നടക്കവെ, ഇതിനൊക്കെ തടയിടാൻ ടി.എം. പ്രഭ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്ന തൊഴിലാളികൾ നിരവധിയാണ്.
ഒരു വർഷം തികയുന്ന ഈ കർമ്മനിരതന്റെ ഓർമ്മകൾക്ക് മുന്നിൽ നമുക്ക് ഒരായിരം രക്തഹാരങ്ങൾ അർപ്പിയ്ക്കാം.
- കിളികൊല്ലൂർ ശ്രീകണ്ഠൻ