c
കൊട്ടാരക്കരയിൽ ഡി.ജി.പി.യുടെ അദാലത്തിൽ 239 പരാതികൾ

കൊട്ടാരക്കര: സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ സംഘടിപ്പിച്ച ആദ്യ പരാതി പരിഹാര അദാലത്തിൽ പരിഗണനയ്‌ക്കെത്തിയത് 239 പരാതികൾ. കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ ഇന്നലെ രാവിലെ 10 മണിയോടെയാണ് അദാലത്ത് ആരംഭിച്ചത്. കൊല്ലം റൂറൽ ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിൽ നിന്നുമുള്ള പരാതികൾ പരിഹരിക്കാനായി സംഘടിപ്പിച്ച അദാലത്ത് അവസാനിച്ചത് വൈകിട്ട് 5 മണിയോടെയാണ്. പരാതിയുമായി എത്തിയ എല്ലാവരേയും ഡി.ജി.പി നേരിൽ കാണുകയും പരാതി കേൾക്കുകയുമുണ്ടായി. അപ്പോൾത്തന്നെ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും വിശദീകരണവും കേട്ടശേഷം നടപടികൾക്കായി പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലേക്കു കൈമാറി. പൊലീസ് ആസ്ഥാനത്തെ പ്രത്യേക വിഭാഗം പരാതികൾ പരിശോധിച്ച് വേഗത്തിൽ നടപടികൾ സ്വീകരിക്കും. 174 പരാതികളാണ് മുൻകൂറായി രജിസ്ടർ ചെയ്തിരുന്നത്. ഇതിൽ 153 പേർ നേരിട്ട് ഹാജരായി. തത്സമയം ലഭിച്ചത് 65 പരാതികളും. പൊലീസിന് പരിഹരിക്കാൻ കഴിയാത്ത പരാതികളും നിരവധിയുണ്ടായിരുന്നു. ദുരൂഹ മരണം, അടിപിടികൾ, ആശ്രിത നിയമനം, പൊലീസിന്റെ വീഴ്ചകൾ എന്നിവയ്ക്ക് പുറമെ സ്വത്ത് തർക്കം, വഴിത്തർക്കം, കുടുംബപ്രശ്‌നങ്ങൾ, റോഡ് നവീകരണം തുടങ്ങി സിവിൽ പ്രശ്‌നങ്ങളും പരാതികളായെത്തി. പരാതി പരിഹാര അദാലത്തിനു ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ കേൾക്കാൻ പ്രത്യേക സർവീസ് അദാലത്തും നടത്തി. പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റ പ്രശ്നങ്ങൾ, മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ, പ്രൊബേഷൻ കാലാവധി പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ പറയാനുണ്ടായിരുന്നു. റൂറൽ എസ്.പി ഹരിശങ്കർ, കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ്, ജില്ലയിലെ വിവിധ വിഭാഗം ഡിവൈ.എസ്.പി.മാർ, സ്റ്റേഷൻ ഹൗസ് ഓഫിസർമാർ തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു. അദാലത്തിന് ശേഷം കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനും ഡി.ജി.പി. സന്ദർശിച്ചു.