കുന്നത്തൂർ: റോഡരികിലെ മരങ്ങൾ മുറിച്ച് മാറ്റുന്നതിനെതിരെ നാട്ടുകാർ പരാതിയുമായി രംഗത്ത്. കുന്നത്തൂർ നെടിയവിള - ചീക്കൽക്കടവ് റോഡിന്റെ ഇരുവശങ്ങളിലായി നിൽക്കുന്ന അപകട സാദ്ധ്യത ഇല്ലാത്ത മരങ്ങളാണ് മുറിക്കുന്നത്. കഴിഞ്ഞ ദിവസം തുരുത്തിക്കര വായനശാലയ്ക്ക് സമീപമുള്ള പാലമരങ്ങൾ മുറിച്ചു. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ ബാക്കി മരങ്ങൾ മുറിക്കാതെ തൊഴിലാളികൾ മടങ്ങി.റോഡരികിൽ നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് മരം മുറിച്ച് കടത്തുന്നതെന്നാണ് പരാതി. വനം വകുപ്പ് അധികൃതർ എത്തി മരത്തിന് വില നിശ്ചയിച്ച് ലേലത്തിൽ വെയ്ക്കാറാണ് പതിവ്. എന്നാൽ ഇതൊന്നും പാലിക്കപ്പെടാതെ ഉദ്യോഗസ്ഥരുടെ പോലും സാനിദ്ധ്യമില്ലാതെയാണ് കരാറുകാരൻ മരം മുറിച്ച് കടത്തുന്നത് നാട്ടുകാർ പറയുന്നു. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡിനോട് ചേർന്നു നിൽക്കുന്ന ചില മരങ്ങൾ മാത്രമാണ് മുറിക്കുന്നതെന്നാണ് കരാറുകാരന്റെ വാദം.