fest
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട അഞ്ചൽ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സെമിനാർ ടൂർ ഫെഡ് എം.ഡി. ഷാജി മാധവൻ ഉദ്ഘാടനം ചെയ്യുന്നു. കെ. യശോധരൻ, അഡ്വ. ജി. സുരേന്ദ്രൻ, എസ്. ദേവരാജൻ, ചാർളി കോലത്ത് എന്നിവർ സമീപം

അഞ്ചൽ: ടൂറിസം മേഖലയിലെ വിവിധ അവസരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കൂടുതൽ പദ്ധതികൾ ആവശ്യമാണെന്ന് ടൂർഫെഡ് മാനേജിംഗ് ഡയറക്ടർ ഷാജി മാധവൻ, പറഞ്ഞു. കേരള കൗമുദി, കൗമുദി ചാനൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചൽ ഫെസ്റ്റിനോടനുബന്ധിച്ച് ടൂറിസം മേഖലയിലെ സാദ്ധ്യതകൾ എന്ന വിഷയത്തിലെ സെമിനാ‌ർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കാലാവസ്ഥയും പ്രകൃതിയുമാണ്. ടൂറിസ്റ്റുകളെ ഇവിടേയ്ക്ക് കൂടുതൽ ആകർഷിക്കുവാൻ കാരണം. സംസ്ഥാനത്തിന് വിദേശ നാണ്യം നേടിത്തരുന്നതിൽ ടൂറിസത്തിന്റെ പങ്കു വളരെ വലുതാണ്. സംസ്ഥാനത്ത് ഇരുപത് ശതമാനത്തോളം ആളുകൾ പലതലങ്ങളിലായി ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. പ്രകൃതി ദുരന്തവും, കാലാവസ്ഥാ വ്യതിയാനവും ടൂറിസ്റ്റ് മേഖലയ്ക്ക് ചെറിയ മങ്ങൽ ഏൽപ്പിച്ചു എങ്കിലും ഇതൊക്കെ അതിജീവിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങൾ വളരെ കൂടുതലാണ്.പ്രാഥമിക വിദ്യാസം നേടിയവർക്ക് പോലും ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ കഴിയും. യോഗത്തിൽ രചനാ ഗ്രാനൈറ്റ്സ് എം.ഡി.യും അഞ്ചൽ ഫെസ്റ്റ് കോ സ്പോൺസറുമായ കെ. യശോധരൻ അദ്ധ്യക്ഷത വഹിച്ചു ആഘോഷ കമ്മിറ്റി സെക്രട്ടറി അഡ്വ. ജി. സുരേന്ദ്രൻ മോഡറേറ്ററായിരുന്നു. മികച്ച പ്രവർത്തനത്തിന് ചണ്ണപ്പേട്ട സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കുടുക്കത്തുപാറ ടൂറിസം പദ്ധതി സെക്രട്ടറിയുമായ ചാർളി കോലത്തിന് കേരള കൗമുദിയുടെ ഉപഹാരം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്. ദേവരാജൻ നൽകി. ആർച്ചൽ സോമൻ ചണ്ണപ്പേട്ട സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി സാറാമ്മ ഫിലിപ്പ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ബി. പ്രസാദ്, ലില്ലിക്കുട്ടി നെൽസൺ, നാസറുദ്ദീൻ, ടൂർ ഫെഡ് മർക്കറ്റിംഗ് മാനേജർ ശ്യാം, ഓപ്പറേറ്റിംഗ് മാനേജർ അരുൺ, ജി. കമലാസൻ, ഷീലാ യശോധരൻ, പി. അരവിന്ദൻ, ബി. വേണുഗോപാൽ, മുരളി പുത്താറ്റ്, ലൈക് പി. ജോർജ്ജ്, ഷാജഹാൻ കൊല്ലൂർ വിള, രാജു, സുകുമാരൻ പനച്ചവിള, തുടങ്ങിയവർ സംബന്ധിച്ചു. പ്രേഗ്രാം കമ്മിറ്റി കോഓ‌ർഡിനേറ്റർ അഞ്ചൽ ഗോപൻ സ്വാഗതവും കേരള കൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശൻ നന്ദിയും പറഞ്ഞു.