കൊട്ടാരക്കര: പൊലീസ് ഉദ്യോഗസ്ഥർ മന:പൂർവ്വം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ പ്രസ്താവിച്ചു. കൊട്ടാരക്കരയിൽ പൊലീസ് അദാലത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസ് അന്വേഷണത്തിലും അല്ലാതെയും പൊലീസിന്റെ ഭാഗത്ത് നിരവധി തെറ്റുകളുണ്ടാകാം. ഇതെല്ലാം പരിഹരിക്കാനാണ് ശ്രമം. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മറ്റും കേസുകളുടെ തുടർ നടപടികളെ ബാധിക്കുന്നുണ്ടെന്നതും ഗൗരവമുള്ളതാണ്. ദുരൂഹ മരണങ്ങൾ പലതും കൊലപാതകമാണെന്നുള്ള പരാതികൾ ലഭിച്ചു. ഇവ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. അന്വേഷിക്കേണ്ടതാണെന്ന് ബോദ്ധ്യപ്പെട്ടാൽ അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. പൊതുജനങ്ങളുടെ പരാതികൾ നേരിൽ കേൾക്കാനാണ് അദാലത്ത് സംഘടിപ്പിച്ചത്. അത് വലിയ അനുഭവമായി മാറുകയാണ്. പല പോരായ്മകളും മനസ്സിലാക്കാനും നല്ല നിർദ്ദേശങ്ങൾ സ്വീകരിക്കാനും കഴിഞ്ഞു. പരിഗണിക്കാൻ കഴിയാത്ത നിരവധി പരാതികളും ലഭിച്ചു. പറമ്പിലേക്ക് അയൽവാസിയുടെ മരച്ചില്ല വീണു കിടക്കുന്നതുൾപ്പടെയുള്ള പരാതികളെത്തി. ഏതു തരത്തിലുള്ള പരാതികളാണ് പരിഗണിക്കുന്നത് എന്നത് സംബന്ധിച്ച ബോധവത്കരണം ആവശ്യമാണ്. മറ്റു പൊലീസ് ജില്ലകളെ അപേക്ഷിച്ച് കൂടുതൽ പരാതികളാണ് കൊല്ലം റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഇത് സന്തോഷം നൽകുന്നു. അച്ഛനമ്മമാരെ മക്കൾ നോക്കുന്നില്ലെന്ന നിരവധി പരാതി ലഭിച്ചു. ഇത് ഗൗരവമായി കാണുന്നു. നടപടി മാത്രമല്ല, ബോധവത്കരണവും ആവശ്യമാണ്. കൊല്ലം റൂറൽ ജില്ലയിൽ വളരെ മികച്ച നിലയിലാണ് പൊലീസ് പ്രവർത്തനം. ഇവിടെ നടപ്പാക്കിയിട്ടുള്ളതിൽ ചില കാര്യങ്ങൾ മറ്റു ജില്ലകളിലും നടപ്പാക്കുമെന്നും ഡി.ജി.പി പറഞ്ഞു.