കൊല്ലം: പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വീടുനിർമ്മിച്ചു നൽകുന്ന സാഫല്യം ഭവന നിർമ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം 24ന് നടത്താൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ തീരുമാനം. ചിതറ കൊച്ചരിപ്പ ട്രൈബൽ കോളനിയിലെ 5 കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്. വ്യവസായ മേഖലയിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പ്രവർത്തനങ്ങൾക്ക് വകുപ്പ് ഡയറക്ടർ അഭിനന്ദനപത്രം അയച്ച് നൽകിയതായി പ്രസിഡന്റ് യോഗത്തെ അറിയിച്ചു. ബോക്സിംഗ് പരിശീലനത്തിന് താൽപര്യമുളള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാൻ ബോക്സിംഗ് അക്കാഡമി ആരംഭിക്കുന്ന പെരിനാട് സ്കൂളിൽ വച്ച് ഒരിക്കൽ കൂടി സെലക്ഷൻ നടത്താനും യോഗത്തിൽ ധാരണയായി.
ജില്ലാ പഞ്ചായത്ത് പട്ടികജാതി കോളനികളിൽ നടപ്പാക്കുന്ന അയ്യങ്കാളി കുടിവെളള പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അയ്യങ്കാളി ജയന്തിയായ 28 ന് ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ കരിക്കുഴി എസ്.സി കോളനിയിൽ നടത്തും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ റോഡ് നിർമ്മാണമടക്കമുള്ള മരാമത്ത് പ്രവ്യത്തികൾ ദീർഘവീക്ഷണത്തോടെ പാരിസ്ഥിതിക സൗഹ്യദം ലക്ഷ്യമിട്ടു മാത്രമേ നടപ്പാക്കാവൂ കെ.സി. ബിനു അഭിപ്രായപ്പെട്ടു. എസ്.സി പദ്ധതികൾക്കുള്ള ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിൽ വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അന്യായമായ കാലതാമസം വരുത്തുന്നതായി ആർ. രശ്മി പറഞ്ഞു.
കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ കേന്ദ്രമാക്കി ആരംഭിക്കുന്ന കബഡി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഉപകരണങ്ങൾ വാങ്ങാൻ സപ്ലൈ ഓർഡർ നൽകിയിട്ടുണ്ടെന്നും അടുത്ത മാസം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തന സജ്ജമാകുമെന്നും സെക്രട്ടറി അറിയിച്ചു. എസ്. ഫത്തഹുദ്ദീൻ, എൻ. രവീന്ദ്രൻ, എം. ശിവശങ്കരപിളള, എസ്. പുഷ്പാനന്ദൻ, ജൂലിയറ്റ് നെൽസൺ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ആശ ശശിധരൻ, വി. ജയപ്രകാശ്, ശ്രീലേഖ വേണുഗോപാൽ, ഇ.എസ്. രാമാദേവി, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.