c
അഞ്ചൽ ഫെസ്റ്റിൽ നൃത്തസന്ധ്യ അവതരിപ്പിച്ച അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂൾ ടീം

അഞ്ചൽ:കേരളകൗമുദി അഞ്ചൽ ഫെസ്റ്റിൽ കഴിഞ്ഞ ദിവസം അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നൂറ്റിമുപ്പത്തിയഞ്ചോളം പ്രതിഭകൾ അവതരിപ്പിച്ച കലാസന്ധ്യ സഹൃദയഹൃദയം കവർന്നു. വൈകിട്ട് 5ന് കലാപരിപാടികൾ തുടങ്ങുമ്പോൾ തന്നെ സദസ്സ് നിറഞ്ഞു കഴിഞ്ഞിരുന്നു. മതമൈത്രിയുടെ സന്ദേശവുമായി ബൈബിളിലെയും ഭഗവത്ഗീതയിലെയും ഖുറാനിലെയും സന്ദേശങ്ങൾ ചൊല്ലിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. അതിഥിയെ ഈശ്വരനായി കാണുന്ന ഭാരത സംസ്കാരത്തിന്റെ മാഹാത്മ്യം വിളിച്ചറിയിച്ചുകൊണ്ട് ശബരിഗിരിയിലെ കൊച്ചു നർത്തകിമാർ സ്വാഗത നൃത്തം അവതരിപ്പിച്ചു.
രാധാ,കൃഷ്ണപ്രണയത്തിന്റെ വശ്യത കാഴ്ചക്കാരിലെത്തിച്ച ഉത്തരയും ദേവികയും കൃഷ്ണനും രാധയുമായി വേദിയിൽ നിറഞ്ഞാടി. നവരാത്രിയുടെ ഐതീഹ്യപെരുമയിൽ മഹിഷാസുര മർദ്ദനമാടിയ ശബരിഗിരിയിലെ നർത്തകിമാർ ചടുലചലനങ്ങളുടെ മാസ്മരികത സൃഷ്ടിച്ചു.
മോഹിനിയാട്ടത്തിലൂടെ ദേവിക സദസ്സുകീഴടക്കിയപ്പോൾ താളനിബദ്ധമായ പാദചലനങ്ങളിലൂടെ ഉത്തര കുച്ചുപ്പുടിയിൽ കൈയ്യടി നേടി.

ദേശീയ പതാകയിലെ അശോകസ്തംഭത്തിലെ 4 സിംഹങ്ങളുടെ ഭാവങ്ങളായ അഭിമാനം, വിശ്വാസം, ധൈര്യം, ശക്തി എന്നിവ പ്രകടമാക്കിയ നൃത്തവും കാണികളെ വിസ്മയിപ്പിച്ചു.

ശ്രുതിമധുര സംഗീതത്തിലൂടെ മാളവികയും ലൈവ് പ്രോഗ്രാമിലൂടെ അർജുനദിവാകറും നവ്യ ആർ നായരും, അപർണ്ണയും ശ്രദ്ധേയരായി. യോഗയെ സംഗീതത്തിന്റെ അകമ്പടിയോടെ വേദിയിൽ അവതരിപ്പിച്ചത് കാണികൾക്ക് നവ്യാനുഭമായി.

ഭൂമി അമ്മയാണ്.പ്രകൃതിയെ നശിപ്പിക്കുന്നത് വരും തലമുറയുടെ നാശത്തിനു കാരണമാകും. വനനശീകരണം മൂലം ഭാവിയിൽ സംഭവിക്കാനിടയുള്ള വൻ ദുരന്തം , ഓക്സിജൻ സിലിണ്ടറുകളുമായി മനുഷ്യൻ ജീവിക്കേണ്ടിവരുന്ന അവസ്ഥ ചിന്തോദ്ദീപകമായി സ്കിറ്റിൽ അവതരിപ്പിച്ചു ശ്രീലക്ഷ്മി, ഗൗതം,ശ്രീജിത്ത്‌,സ്നേഹ എന്നിവർ കാഴ്ച്ചക്കാരെ ഇരുത്തി ചിന്തിപ്പിച്ചു.
ഏകാഭിനയം,പശ്ചാത്യസംഗീതം.നാടൻപാട്ട്, തുടങ്ങി നാലു മണിക്കൂർ നീണ്ട കലാപരിപാടികൾ ദേശീയഗാനത്തോടെയാണ് അവസാനിച്ചത്.

ശബരിഗിരി സ്കൂൾസ് ചെയർമാൻ ഡോ. വി കെ ജയകുമാർ, മാനേജർ സുല ജയകുമാർ, സെക്രട്ടറി ശബരീഷ് ജയകുമാർ ഡയറക്ടർമാരായ ദിവ്യ ജയകുമാർ, അരുൺ ദിവാകർ പ്രിൻസിപ്പൽ_ മാലിനി അധ്യാപകരായ പ്രശാന്ത്, ജയശ്രീ, ശ്രീജ,രേണുക, അയന
തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഭകൾക്ക് ഉപഹാരവും മെഡലുകളും നൽകി.