photo
ആലപ്പുഴയ്ക്ക് സമീപമുള്ള പാവുമ്പ അമൃത സ്കൂളിലെ ക്യാമ്പിലെത്തിച്ച സാധനങ്ങൾ രാജ്യസഭാ എംപി സോമപ്രസാദ് ഏറ്റുവാങ്ങുന്നു.

പാരിപ്പള്ളി: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട് അഭയാർത്ഥികളായ ആയിരത്തോളം പേർക്ക് പാരിപ്പള്ളി അമൃതയിലെ സ്റ്റുഡന്റ് പൊലീസ് ആശ്വാസമേകി. കേഡറ്റുകൾ സമാഹരിച്ച ഒരു ലക്ഷത്തിലധികം രൂപയുടെ വസ്ത്രങ്ങളടക്കമുള്ള ഭക്ഷ്യസാധനങ്ങളാണ് ഇന്നലെ ആലപ്പുഴയ്ക്ക് സമീപമുള്ള പാവുമ്പ അമൃത സ്കൂളിലെ ക്യാമ്പിലെത്തിച്ചത്. ക്യാമ്പിലുണ്ടായിരുന്ന സോമപ്രസാദ് എം.പി സാധനങ്ങൾ ഏറ്റുവാങ്ങി. രാവിലെ 11മണിമുതൽ വൈകിട്ട് വരെ വിദ്യാർത്ഥിനികളടങ്ങിയ അറുപത് കേഡറ്റുകൾ ക്യാമ്പിൽ ചെലവഴിച്ച് അന്തേവാസികളോടൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ക്യാമ്പിലെ പ്രായം ചെന്ന അന്തേവാസിയായ പാവുമ്പ സ്വദേശി കുഞ്ഞിപ്പെണ്ണ് വനിതാ കേഡറ്റുകളെ ചേർത്ത് നിർത്തി മുത്തം നല്കിയത് എല്ലാവരെയും കണ്ണീരണിയിച്ചു. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ക്യാമ്പ് സന്ദർശിച്ചു. നേരത്തെ കൊല്ലം എ.ആർ ക്യാമ്പിലെ കളക്ഷൻ സെന്ററിലും കേഡറ്റുകൾ സമാഹരിച്ച സാധനങ്ങൾ കൈമാറിയിരുന്നു. എ.ആർ ക്യാമ്പിലെത്തിച്ച സാധനങ്ങൾ എ.ഡി.എൻ.ഒ സോമരാജൻ ഏറ്റുവാങ്ങി.