കൊല്ലം: കേരളത്തിലെ ഒന്നാം വർഷ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രിക്കും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് പകരം രൂപീകരിച്ച ബോർഡ് ഓഫ് ഗവണേഴ്സിനും കത്ത് നൽകി.
ഇ.എസ്.ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും ആൾ ഇന്ത്യാ ക്വോട്ടയിലും അഡ്മിഷൻ ലഭിക്കുന്ന കുട്ടികളുടെ ഫീസും സർട്ടിഫിക്കറ്റും മടക്കി നൽകി പുതിയ കോളേജിൽ പ്രവേശനത്തിന് അവസരമൊരുക്കുന്നതിനും നിലവിലെ വ്യവസ്ഥകൾ പ്രകാരമുള്ള നഷ്ടപരിഹാര തുകയിൽ നിന്നും ഒഴിവാക്കുന്നതിനും സംസ്ഥാന സർക്കാരിനും കേരള മെഡിക്കൽ പ്രവേശന കമ്മീഷണർക്കും നിർദ്ദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ മെഡിക്കൽ പ്രവേശന നടപടിയിലെ മോപ്പ്-അപ്പ് ആഗസ്റ്റ് 7, 8 തീയതികളിൽ നടത്തുകയും അഡ്മിഷൻ സംബന്ധിച്ച നടപടികൾ ആഗസ്റ്റ് 18 ന് പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് കത്ത് നൽകിയത്. നിലവിലെ വ്യവസ്ഥകൾ പ്രകാരം ആഗസ്റ്റ് 18 ന് ശേഷം കോളേജിൽ നിന്നും മാറുന്ന കുട്ടികൾ നഷ്ടപരിഹാരം കോളേജ് അധികൃതർക്ക് നൽകേണ്ടി വരികയും ഫീസും സർട്ടിഫിക്കറ്റും യഥാക്രമം മടക്കി നൽകാനും തടസ്സമുണ്ടാകുന്ന അവസ്ഥയാണ്. ഇത് ഒഴിവാക്കി കിട്ടുന്നതിനു വേണ്ടിയാണ് കത്ത് നൽകിയത്.
പ്രളയക്കെടുതിയും ഇ.എസ്.ഐ പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരണത്തിലെ കാലതാമസ്സവും കണക്കിലെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു. മെരിറ്റ് സീറ്റിൽ സ്വകാര്യ കോളേജിൽ പ്രവേശനം ലഭിച്ച കുട്ടികൾക്ക് ഇ.എസ്.ഐ സംവരണ സീറ്റിലോ ആൾ ഇന്ത്യാ ക്വോട്ടയിലോ അഡ്മിഷൻ ലഭിച്ചാൽ പ്രവേശനം പൂർത്തിയാക്കുന്നതിന് പ്രതിസന്ധികൾ ഏറെയാണ്. കേരളത്തിലെ പ്രവേശന നടപടികൾ കേന്ദ്രത്തിനേക്കാൾ മുമ്പിൽ പൂർത്തീകരിച്ചതുകൊണ്ടാണ് പ്രതിസന്ധിയുണ്ടായത്. മോപ്പ്-അപ്പ് തീയതി മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടപ്പോൾ യാതൊരു തടസ്സവും കൂടാതെ വിദ്യാർത്ഥികൾക്ക് കോളേജ് മാറുവാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഫലത്തിൽ ആഗസ്റ്റ് 18 ന് ശേഷം പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ തടസ്സം നേരിടേണ്ടിവരും. പ്രവേശനതീയതി നീട്ടുകയും പ്രത്യേക അനുമതി ലഭിക്കുകയും ചെയ്തില്ലെങ്കിൽ മെരിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിയില്ല. ആൾ ഇൻഡ്യ ക്വോട്ടയിലെയും സ്ഥിതി ഇതാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ഇടപെടണമെന്നും ആഗസ്റ്റ് 18 ന് ശേഷമുള്ള മെഡിക്കൽ പ്രവേശനം സുഗമമാക്കുന്നതിനുള്ള സത്വരനടപടി സ്വീകരിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.