തൊടിയൂർ: മുഴങ്ങോടി പാട്ടുപുരയ്ക്കൽ ധർമ്മശാസ്താക്ഷേത്രത്തിൽ നടക്കുന്ന സപ്താഹ യജ്ഞത്തോടനുബന്ധിച്ചുള്ള ഗജപൂജയും ആനയൂട്ടും ഭക്തിനിർഭരമായി. പനയന്നാർകാവ് കാളിദാസൻ, പനയ്ക്കൽ നന്ദൻ എന്നീ ഗജവീരന്മാരാണ് ആനയൂട്ടിൽ പങ്കെടുത്തത്.രാവിലെ 9.30ന് ക്ഷേത്രനടയിൽ എത്തിയ ഗജവീരന്മാരെ ക്ഷേത്രം മേൽശാന്തി ബിനു നാരായണൻ, യജ്ഞാചാര്യൻ മധു വൈരിശങ്കര വർമ്മ ,ക്ഷേത്രം ഭരണ സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ചേർന്ന് ക്ഷേത്രസന്നിധിയിലേക്ക് ആനയിച്ചു.
തുടർന്ന് നടന്ന ഗജപൂജയിൽ ഒട്ടേറെ ഭക്തർപങ്കെടുത്തു. മുഴങ്ങോടിയിലെ പുരാതനമായ മഠത്തിനേത്ത് കുടുംബം പനയന്നാർകാവ് കളിദാസന്‍ 'ഇഭകുല ശ്രേഷ്ഠാധിപതി' ബഹുമതി ചാർത്തി ആദരിച്ചു. ഗജപൂജ അവസാനിച്ചതോടെ ക്ഷേത്രത്തിന് പിന്നിൽ സജ്ജമാക്കിയ പ്രത്യേക സ്ഥാനത്ത് ആനയൂട്ട് നടന്നു. ക്ഷേത്രം മേൽശാന്തിയും യജ്ഞാചാര്യനും ആനകൾക്ക് നിവേദ്യം നൽകി. തുടർന്ന് ഭരണസമിതി പ്രസിഡന്റ് ഹരിദാസൻ, സെക്രട്ടറി മൈതാനം വിജയൻ എന്നിവരും ഭക്തജനങ്ങളും ആനയൂട്ട് നടത്തി.