photo

കൊട്ടാരക്കര: " സർ, ഞങ്ങൾ ഓർഫനേജിൽ നിന്നാണ് വരുന്നത്. അമ്മ വിദേശത്ത് വീട്ടുജോലിയ്ക്ക് പോയിരിക്കയാണ്. ഞങ്ങളുടെ ആശ്രയമായിരുന്ന പപ്പ മരിച്ചതോടെയാണ് ഓർഫനേജിലേക്ക് ഞങ്ങൾക്ക് മാറേണ്ടിവന്നത്. പപ്പ മരിച്ചതല്ല, കൊന്നതാണ്. ആ കേസ് അന്വേഷിക്കണം"- കുണ്ടറ പടപ്പക്കര അമൃതാലയത്തിൽ അമൃതയും (16), അലീനയും(14) സങ്കടക്കണ്ണീരോടെ പറഞ്ഞപ്പോൾ ഡി.ജി.പി ലോകനാഥ് ബഹ്റ ശ്രദ്ധയോടെ കേട്ടിരുന്നു. കുട്ടികളെ ആശ്വസിപ്പിച്ച അദ്ദേഹം പരാതി ഗൗരവമായി എടുക്കുമെന്നും ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും അറിയിച്ചു.

2018 നവംബർ 12ന് ആയിരുന്നു അമൃതയുടെയും അലീനയുടെയും പിതാവ് ജോൺസൺ(44) മരിച്ചത്. ഓട്ടോ ഡ്രൈവറായ ജോൺസൺ വൈകിട്ട് 7 മണിയോടെ വീട്ടിലെത്തിയതാണ്. അപ്പോൾ ആരുടെയോ ഫോൺ വരികയും ഉടൻതന്നെ ഓട്ടോയുമായി പോവുകയും ചെയ്തു. മദ്യപിക്കുന്ന ശീലമുള്ള ജോൺസൺ രാത്രി വൈകിയും തിരിച്ചുവന്നില്ല. പിന്നീട് 11.30ഓടെ മാമൂട് ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ മുറിവേറ്റ പാടുകളും കൊലപാതകത്തിന്റെ സൂചനകളും ഉണ്ടായിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്നാണ് കുട്ടികൾ പരാതിയിൽ വ്യക്തമാക്കിയത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ഉറപ്പ് നൽകിയതിന്റെ ആശ്വാസത്തിലാണ് ഉച്ചയോടെ കുട്ടികൾ കാഞ്ഞിരകോട് അനാഥാലയത്തിലേക്ക് മടങ്ങിയത്. ബന്ധുവിനൊപ്പമായിരുന്നു ഇവരെത്തിയത്.