dead-body

ഓയൂർ: ഇത്തിക്കരയാ​റ്റിൽ ജീർണ്ണിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം വെളിനല്ലൂർ കാളവയലിൽ നിന്നും കാണാതായ ബധിരനും മൂകനുമായ യുവാവിന്റെതാണെന്ന് ബന്ധുക്കളും ബധിര മൂക സംഘടനാ പ്രവർത്തകരും പറയുമ്പോൾ മൃതദേഹം മകന്റേതല്ലെന്ന ഉറച്ച നിലപാടിൽ നില്ക്കുകയാണ് മാതാപിതാക്കൾ.

വെളിനല്ലൂർ കാളവയൽ വിളയിൽ വീട്ടിൽ മുരുകൻ ചെട്ടിയാർ, വിമല ദമ്പതികളുടെ മകനും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ പാർട്ട് ടൈം ജീവനക്കാരനായ വേലുക്കുട്ടിയെ (29 ) കഴിഞ്ഞ ആറാം തീയതി മുതൽ കാണാനില്ല. ജോലി കഴിഞ്ഞ് മടങ്ങിയ വേലുക്കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
പൊലീസിൽ പരാതി നൽകണമെന്ന് സഹജീവനക്കാരും ബന്ധുക്കളും മാതാപിതാക്കളോട് നിരവധി തവണ പറഞ്ഞെങ്കിലും ഇവർ പരാതി നൽകാൻ തയ്യാറായില്ല. ഇതിനിടെ ഇത്തിക്കരയാറ്റിൽ അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്നുവെന്ന് അഭ്യൂഹം പരന്നിരുന്നു. തുടർന്ന് കഴിഞ്ഞ 12ന് ഇത്തിക്കരയാ​റ്റിൽ മീൻപിടിക്കാനെത്തിയവർ ജീർണ്ണിച്ച മൃതദേഹം കാണുകയും ഇവർ പാരിപ്പള്ളി പൊലീസിൽ വിവിരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അഞ്ച് ദിവസത്തോളം പഴക്കം ചെന്ന് ജീർണ്ണിച്ച മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലക്ക് മാ​റ്റുകയും ചെയ്തിരുന്നു.

മൃതദേഹം കണ്ടെത്തിയ ശേഷം 14ന് വേലുക്കുട്ടിയുടെ പിതാവ് മുരുകൻ മകനെ കാണാനില്ലെന്ന് കാട്ടി പൂയപ്പള്ളി പൊലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ ഇത്തിക്കരയാ​റ്റിൽ കണ്ട അജ്ഞാത മൃതദേഹം വേലുക്കുട്ടിയുടെതാണോഎന്ന് മാതാപിതാക്കളെ വിളിച്ച് പരിശോധന നടത്തിയെങ്കിലും മൃതദേഹം മകന്റേതല്ലന്ന് ഉറപ്പിച്ച് ഇവർ മടങ്ങിപ്പോവുകയായിരുന്നു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ ഇപ്പോൾപാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എന്നാൽ വേലുക്കുട്ടി അംഗമായിട്ടുള്ള ബധിര മൂക സംഘടനാഅംഗങ്ങളും,മൃതദേഹം കണ്ട ബന്ധുക്കളും മൃതദേഹം വേലുക്കുട്ടിയുടേത് തന്നെയാണെന്നുള്ള നിലപാടിലാണ്.ഇത് പൊലീസിനെയും നാട്ടുകാരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. വേലുക്കുട്ടിയുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബധിര മൂക സംഘടനാ പ്രവർത്തകർ പൂയപ്പള്ളി പൊലീസ് സ്​റ്റേഷനിലെത്തി പരാതി നൽകി.