കൊല്ലം: പ്രതിഫലേച്ഛ ഇല്ലാതെ പി.എസ്.സി കോച്ചിംഗ് നൽകി മാതൃകയായ പ്രദീപ് സാർ പ്രളയദുരന്തത്തിൽ നാടിനൊപ്പം. മുഖത്തലയിൽ ഋതുപർണിക പി.എസ്.സി സൗജന്യ കോച്ചിംഗ് സെന്റർ നടത്തുന്ന പ്രദീപും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും ചേർന്ന് രണ്ട് ദിവസം കൊണ്ട് സമാഹരിച്ചത് ഒന്നര ലക്ഷത്തോളം രൂപയാണ്. കോച്ചിംഗ് സെന്ററിലെത്തി ജോലി നേടിയ അറുന്നൂറോളം പേരും ഇപ്പോൾ പരിശീലനം നടത്തുന്ന എണ്ണൂറോളം പേരും ചേർന്നാണ് 1,37,000 രൂപ സമാഹരിച്ചത്. ഇതിൽ 77,000 രൂപയ്‌ക്ക് ദുരിത ബാധിതർക്കാവശ്യമായ സാധനങ്ങൾ വാങ്ങുകയും 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്‌തു. ഇതിനൊപ്പം മലപ്പുറം നിലമ്പൂരിലെ പി.എസ്.സി കോച്ചിംഗ് സെന്ററിലെ കുട്ടികൾക്ക് നഷ്‌ടപ്പെട്ട റാങ്ക് ഫയലുകൾ വാങ്ങാനായി പതിനായിരം രൂപയും ഈ അദ്ധ്യാപകനും വിദ്യാർത്ഥികളും മാറ്റി വച്ചു. സംസ്ഥാനത്തെ വീണ്ടും പ്രളയം ബാധിച്ചപ്പോൾ ഒരു കൈത്താങ്ങ് നൽകുക എന്ന ലക്ഷ്യത്തോടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൊരു സന്ദേശം ഇട്ടതോടെ പ്രദീപിനൊപ്പം അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും ഒറ്റക്കെട്ടായി നിൽക്കുകയായിരുന്നു.
പ്രളയ ബാധിതർക്കായി വാങ്ങിയ സാധനങ്ങളെല്ലാം പ്രദീപും കുട്ടികളും കൊല്ലം ടി.എം വർഗ്ഗീസ് ഹാളിൽ എത്തിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വസത്തിലേക്കുള്ള ഫണ്ട് അസിസ്റ്റന്റ് കളക്ടർ മാമോനി ഡോലേയ്‌ക്ക് കൈമാറുകയും ചെയ്‌തു.