കൊല്ലം: ജില്ലാ ആശുപത്രിയിൽ കോടികളുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനൊപ്പം ഗവ. വിക്‌ടോറിയ ആശുപത്രിയും മുഖം മിനുക്കാനൊരുങ്ങുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി 108 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് വിക്‌ടോറിയയിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇതിനുള്ള ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. മറ്റു നടപടി ക്രമങ്ങൾ കൂടി പൂർത്തിയാക്കിയാൽ ജില്ലാ ആശുപത്രിക്കൊപ്പം തന്നെ വിക്‌ടോറിയയുടെ നവീകരണ പ്രവർത്തനങ്ങളും ആരംഭിക്കും.
പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ച് മാറ്റി പ്രധാനമായും രണ്ടു കെട്ടിടങ്ങൾ നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മൾട്ടി ലവൽ അണ്ടർ ഗ്രൗണ്ട് കാർ പാർക്കിംഗ് സൗകര്യം ഉൾപ്പെടെയുള്ള മെയിൻ ബ്ലോക്കിന് പത്തു നിലകളും രണ്ടാമത്തെ ബ്ലോക്ക് എട്ടു നിലകളുമായിരിക്കും. ഇതിൽ സ്‌റ്റാഫ് ക്വാർട്ടേഴ്സ്, കൂട്ടിരുപ്പുകാർക്കുള്ള ഡോർമെട്രി എന്നിവ ഉൾപ്പെടെ നിർമ്മിക്കും. മെയിൻ ബ്ലോക്ക് കെട്ടിടത്തിന്റെ നിർമ്മാണം പൂർണമായി പൂർത്തിയാക്കിയ ശേഷമായിരിക്കും എട്ടു നിലകളുള്ള കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങുന്നത്.
മാറ്റങ്ങളുടെ ഭാഗമായി പീഡിയാട്രിക്ക് സർജറി, കാർഡിയോളജി, പീഡിയാട്രിക്ക് ഓങ്കോളജി, പീഡിയാട്രിക് സർജറി തുടങ്ങിയ വിഭാഗങ്ങൾക്കായി നിർദ്ദേശവും മുന്നോട്ടു വയ്‌ക്കുന്നുണ്ട്.
108 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് വിക്‌ടോറിയിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്
പ്രവേശന കവാടം
ആർ.പി മാളിന് എതിർ വശത്തായി ഹൈവേയിൽ നിന്ന് തന്നെ വിക്‌ടോറിയ ആശുപത്രിയിലേക്ക് കയറാവുന്ന വിധം പ്രവേശന കവാടം നിർമ്മിക്കും. വഴിയോര കച്ചവടക്കാരും രോഗികളുമായെത്തുന്ന വാഹനങ്ങളും സൃഷ്ടിക്കുന്ന തിരക്കുകൾക്കിടയിൽ നിന്ന് ഇതോടെ മോചനം ലഭിക്കും.
പ്രത്യേകതകൾ
ആധുനിക പേ വാർഡുകൾ
ഓപ്പറേഷൻ തിയേറ്റർ
കോംപ്ലക്‌സ്
ഹെലിപാഡ്
ഐ.സി.യു കോംപ്ലക്‌സ്
സീവേജ് ട്രീമെന്റ് പ്ലാന്റ്
മെയിൻ ബ്ലോക്ക്: 10 നില
രണ്ടാം ബ്ലോക്ക്: 8 നില
നവീകരണത്തിനായുള്ള ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. ടെക്‌നിക്കൽ കമ്മിറ്റിയുടെ തീരുമാനം ലഭിക്കേണ്ടതുണ്ട്. രണ്ട് ആശുപത്രികളുടെയും നവീകരണം ഒരേ സമയം നടക്കും.
ഡോ.സൈജു ഹമീദ്, (സൂപ്രണ്ട്,വിക്ടോറിയ ആശുപത്രി)