കൊല്ലം: കേരളപുരത്ത് തെരുവ് നായകളുടെ ആക്രമണത്തിൽ കേരളകൗമുദി ഏജന്റ് ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു. കേരളകൗമുദി വറട്ടുചിറ ഏജന്റ് വെള്ളിമൺ പുഷ്‌പമംഗലത്ത് എസ്. മോഹനനാണ് (63) തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ പുലർച്ചെ നാലിന് ജംഗ്ഷനിൽ നിന്ന് പത്രക്കെട്ടുകളെടുത്ത് വിതരണത്തിനായി പുറപ്പെടുമ്പോഴാണ് തെരുവ് നായകൾ മോഹനനെ ആക്രമിച്ചത്. നെഞ്ചിലും വലത് കൈയിലും കടിയേറ്റ മോഹനൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കേരളപുരം, ഇളമ്പള്ളൂർ മേഖലകളിൽ അടുത്തിടെയായി തെരുവ് നായകളുടെ ശല്യം കൂടിവരുകയാണ്. ഇളമ്പള്ളൂരിൽ ഇന്നലെ പുലർച്ചെ വീടിന് മുന്നിൽ നിന്ന യുവതിക്കും തെരുവ് നായകളുടെ കടിയേറ്റു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേർക്ക് തെരുവ് നായകളുടെ കടിയേറ്റിരുന്നു. പ്രദേശത്തെ ഒരു വീട്ടിനുള്ളിൽ കഴിഞ്ഞ ദിവസം തെരുവ് നായ കയറി. സമയോചിതമായി ഒഴിഞ്ഞു മാറിയതിനാലാണ് വീട്ടുകാർ കടിയേൽക്കാതെ രക്ഷപ്പെട്ടത്.
കേരളപുരം ഇളമ്പള്ളൂർ മേഖലകളിൽ തെരുവ് നായകളുടെ ശല്യം വർദ്ധിച്ചിട്ടും തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വിവിധ മേഖലകളിൽ നിന്ന് പിടികൂടി വന്ധ്യംകരണം നടത്തിയ നായകളെ കൂട്ടത്തോടെ പ്രദേശത്ത് ഉപേക്ഷിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.